ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന്‍ ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന്‍ എത്തിയത്. ലെസ്റ്റര്‍ സെന്റ്‌ എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന്‍ എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്‍കി റവ. ഫാ. ജോര്‍ജ്ജ് തോമസ്‌ ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.

സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ്‌ ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്‍റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.

1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ്‌ തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്‍റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.