ലണ്ടന്‍ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാവ്യ സന്ധ്യകള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക്. അറുപതിലേറെ കാവ്യസദസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞ കട്ടന്‍ കാപ്പിയും കവിതയുമെന്ന കാവ്യസ്‌നേഹികളുടെ കൂട്ടായ്മയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളില്‍ സജീവമാകുന്നത്.
പൊതുവെ തണുപ്പിന്റെ പിടിയില്‍ അകപ്പെട്ടു യുകെ മലയാളി സമൂഹം ഉള്‍വലിയുന്ന സമയമായതിനാല്‍ കട്ടന്‍കാപ്പിയുടെ ചൂടും മലയാള കവിതയുടെ തലോടലും ചേരുന്ന സന്ധ്യകള്‍ക്കു ഏറെ ഉണര്‍വ് ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഓണ്‍ ലൈനില്‍ സജീവ ചര്‍ച്ചയും ഒരുക്കുകയാണ് കട്ടന്‍കാപ്പി ടീം. കാവ്യസന്ധ്യയില്‍ ആദ്യ പരിപാടികളില്‍ കവയത്രി സുഗതകുമാരിയുടെ കാവ്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കു അത് അവതരിപ്പിക്കുവാന്‍ കൂടി അവസരം നല്‍കിയാണ് കട്ടന്‍കാപ്പിയും കവിതയും പരിപാടികള്‍ അരങ്ങേറുന്നത്.
യുകെയുടെ ഹൃദയ ഭാഗത്തു ഒതുങ്ങി നില്‍ക്കുന്ന പരിപാടിയെ കൂടുതല്‍ സജീവമാക്കാനും കവിതയെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വദിക്കാനും അവസരം നല്‍കുന്നതിന് കൂടിയാണ് കൂടുതല്‍ കാവ്യസദസുകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാന സംഘാടകരായ പ്രിയവൃതന്‍ സത്യവ്രതനും മുരളീ മുകുന്ദനും അഭിപ്രായപ്പെട്ടു. വേരുറപ്പിക്കുന്ന പുതിയ തലമുറയ്ക്ക് ഭാഷ സ്‌നേഹം വളരാനും മലയാള ഭാഷയുടെ സ്‌നേഹവും കരുതലും അടുത്തറിയാനും കവിതകളെ പരിചയപെടുകയാണ് ഏറ്റവും ഉത്തമ മാര്‍ഗം എന്നും കണ്ടെത്തിയാണ് കട്ടന്‍കാപ്പിയും കവിതയും കൂടുതല്‍ പേരിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്.
പരമാവധി രണ്ടു മണിക്കൂര്‍ പ്രോഗ്രാം നടത്താന്‍ തയ്യാറുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടാം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു പരിപാടിയാണ് കട്ടന്‍കാപ്പിയും കവിതയും. വലിയൊരു സദസിനെക്കാളും ഭാഷയെയും കവിതയെയും സ്‌നേഹിക്കുന്നവരുടെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും കൂട്ടി ചേര്‍ത്തു.
രാത്രിമഴ പെയ്യുമ്പോള്‍ എന്ന പരിപാടി തികച്ചും ലളിതമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാധ്യമായാല്‍ വീടുകളില്‍ പോലും ഈ ചടങ്ങു നടത്താന്‍ കഴിയും. ഏറ്റവും ഫലപ്രദമായ സംവേദനമാണ് ഈ ചെറു കൂട്ടായ്മകളിലൂടെ കട്ടന്‍കാപ്പി ടീം ലക്ഷ്യമിടുന്നത്. യുകെയിലെ പ്രമുഖ മലയാള സംഘടനായ എംഎ യുകെയുടെ സാഹിത്യ വിഭാഗമായി രൂപം കൊണ്ടതാണ് കട്ടന്‍കാപ്പിയും കവിതയും. കേരളത്തിലെ മുന്‍നിര സാഹിത്യ പ്രതിഭകളില്‍ പലരും ഇതിനകം കട്ടന്‍കാപ്പിയുടെ സ്വാദു നുകര്‍ന്ന് കഴിഞ്ഞു.
നൂറു വേദികള്‍ എന്ന സ്വപ്‌ന ലക്ഷ്യം യുകെയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുന്ന കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടുവാന്‍ വിളിക്കുക : മുരളി – 07930 134340, പ്രിയന്‍ – 0781205 9822.
Leave a Reply