കട്ടപ്പനയില്‍ വീട്ടമ്മയെ കൊന്നത് മൃഗീയമായി പീഡിപ്പിച്ചതിന് ശേഷമെന്ന് ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നു . വെള്ളയാംകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ തമിഴ്‌നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ് ചെയ്തു . ചിന്നമന്നൂര്‍ സ്വദേശികളായ മഹാലക്ഷ്മി (42), ഉത്തമപാളയം സ്‌കൂളിലെ ഡ്രൈവറായ ശങ്കര്‍ (28), ചിന്നമന്നൂരില്‍ ഒരു ക്ലിനിക്കില്‍ ഫിസിയോ തെറാപിസ്റ്റായ കെ. രാജ (24) എന്നിവരാണു പിടിയിലായത്.വെള്ളയാംകുടി ലക്ഷംവീട് കോളനിയില്‍ 20 വര്‍ഷമായി താമസിക്കുന്ന വിഗ്‌നേശ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി (46)യെയാണ് കഴിഞ്ഞ രണ്ടിന് വീടിനുള്ളില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം നാലോടെ വീട്ടിലെത്തിയ സംഘം കൈയില്‍ കരുതിയിരുന്ന സ്‌പ്രേ ചെയ്യുന്ന കീടനാശിനി വാസന്തിയുടെ മുഖത്തു തളിച്ചശേഷം കട്ടിലില്‍ കമഴ്ത്തിക്കിടത്തി മുഖം കിടക്കയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ മോതിരങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.

കമഴ്ത്തിയിട്ട ശേഷം വാസന്തിയുടെ പുറത്തു മഹാലക്ഷ്മിയും ശങ്കറും കയറിയിരുന്നു. രാജ കാലില്‍ പിടിച്ചു കീഴ്‌പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണലക്ഷ്യവും വൈരാഗ്യവുമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. മഹാലക്ഷ്മിയും കൊല്ലപ്പെട്ട വാസന്തിയും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. വാസന്തി പണം തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് സംശയിക്കുന്നത്.കൊലപ്പെടുത്തുന്നതിനു മുമ്പ് ശങ്കറും രാജയും വീട്ടമ്മയെ മാനഭംഗത്തിനു വിധേയയാക്കിയതായും പോലീസ് പറഞ്ഞു. സംഘം വീട്ടിലെത്തുമ്പോള്‍ വാസന്തിയുടെ മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ വിഷ്ണു വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ മുമ്പും വന്നിട്ടുള്ള മഹാലക്ഷ്മിയെ വിഷ്ണുവിനു പരിചയമുണ്ടായിരുന്നു. വിഷ്ണു വീട്ടില്‍നിന്നു തമിഴ്‌നാട്ടിലെ സ്‌കൂളിലേക്കു പോയ ശേഷമാണു കൃത്യം നടത്തിയത്.

പിടിയിലായത് 24 മണിക്കൂറിനുള്ളില്‍

പ്രതികള്‍ കുടുങ്ങിയത് 24 മണിക്കൂറിനുള്ളില്‍. വാസന്തി കൊല്ലപ്പെട്ട വിവരം കഴിഞ്ഞ രണ്ടിനു രാത്രി ഒന്‍പതോടെയാണു പുറത്തറിഞ്ഞത്. കുമളിയില്‍ മരപ്പണിക്കു പോയിരുന്ന മുരുകന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വിവസ്ത്രയായി മരിച്ചുകിടക്കുന്നതാണ് കണ്ടത്. കൊലപാതക സംഘം വീട്ടിലെത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകന്‍ വിഷ്ണു, മഹാലക്ഷ്മിയും മറ്റു രണ്ടുപേരും വീട്ടില്‍ എത്തിയിരുന്ന വിവരം നല്‍കിയതു മാത്രമായിരുന്നു പോലീസിനു ലഭിച്ച പ്രാഥമിക തെളിവ്. ഇതനുസരിച്ചു പോലീസ് നടത്തിയ ത്വരിതാന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വീട്ടില്‍നിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കമ്പംമെട്ടുഭാഗത്ത് ഉപേക്ഷിച്ച ശേഷമാണ് സംഘം തമിഴ്‌നാട്ടിലേക്കു കടന്നത്. ഉപേക്ഷിച്ച ഫോണിനു കാര്യമായ തകരാര്‍ സംഭവിച്ചിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണവും ഫോണ്‍ കണ്ടെടുക്കാനായതും നടപടി ഊര്‍ജിതമാക്കി.

മഹാലക്ഷ്മി സംഭവ ദിവസം പലതവണ വാസന്തിയെ ഫോണില്‍ വിളിച്ചിരുന്നു. തിരിച്ചും വിളിച്ചിട്ടുണ്ട്. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. ഉച്ചയോടെ കട്ടപ്പനയിലെത്തിയ സംഘം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബേക്കറിയില്‍നിന്നു പലഹാരങ്ങള്‍ വാങ്ങിയാണു വാസന്തിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ ഭക്ഷണം വാങ്ങികൊണ്ടുവരാന്‍ വാസന്തി ആവശ്യപ്പെട്ടിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ചിന്നമന്നൂരിലെ സ്വര്‍ണക്കടയില്‍ വിറ്റ തുകയില്‍ 14,000 രൂപ വീതം പ്രതികള്‍ വീതിച്ചെടുത്തു.