കവളപ്പാറയിൽ മലയിടിഞ്ഞെത്തിയ ദുരന്തത്തിന്റെ വ്യാപ്തി ഒരുപക്ഷേ കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ. അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്നിടത്തേക്കാണ് സെക്കൻഡുകൾക്കുള്ളിൽ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഒാടി മാറാൻ പോലുമുള്ള സാഹചര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂരെ പോലും പുറത്തുകാണാൻ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ നാട്ടുകാർ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടൽ ഉപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവർത്തനത്തെനത്തിയ നാട്ടുകാർ പറഞ്ഞു.
നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം നിന്നു. കരിമ്പുഴപ്പാലം മഴയിൽ തെന്നിമാറി. ഇന്ന് രാവിലെ ഇതുവരെയും കനത്തമഴ കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി വിവരണം ഇങ്ങനെ
എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്. അവരെ ആരെയും കാണാനില്ല. ഒരു കൂട്ടുകാരന്റെ അച്ഛനും അമ്മയും എവിടെയാണെന്ന് പോലും അറിയില്ല. അവൻ ബംഗളൂരാണ്, വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും അമ്പലത്തിന്റെ പിരിവിന് പോകുന്ന സ്ഥലങ്ങളാണിത്. അവയെല്ലാം ഒന്നാകെയാണ് പോയിരിക്കുന്നത്. പട്ടാളത്തിൽ നിന്നൊരു സുഹൃത്ത് അവധിക്ക് നാട്ടിൽ എത്തിയതാണ്. അവനും പോയി. ആർക്കൊക്കെ ആരൊക്കെ നഷ്ടമായെന്ന് അറിയില്ല. ജനങ്ങളെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല.
ഈ ഭാഗത്ത് നിന്നും ഒരുപാട് പേർ മാറിയിരുന്നു. 70, 80 ഓളം പേർ മുത്തപ്പൻ കുന്നിലെ മണ്ണിനടിയിലുണ്ടെന്നാണ് എന്റെ കണക്കുകൂട്ടൽ. ഇവരെല്ലാം ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ നിൽക്കുന്നവരായിരുന്നു.
Leave a Reply