മലയാള സിനിമയിലെ അമ്മ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.അറുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ സജീവമാണെങ്കിലും സ്വഭാവികമായ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് കവിയൂർ പൊന്നമ്മ എന്ന നടി കൂടുതൽ മികവാർന്ന രീതിയിൽ അടയാളപ്പെട്ടത്. ടിപ്പിക്കലായ അമ്മ കഥാപാത്രങ്ങളെ തുടരെ തുടരെ സിനിമയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട താരമാണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലെ അമ്മ കഥാപാത്രമായി മാറി എന്നതാണ് കവിയൂർ പൊന്നമ്മയുടെ സവിശേഷത.

കവിയൂർ പൊന്നമ്മയെ പോലെ തന്നെ നടിയുടെ സഹോദരി കവിയൂർ രേണുകയും പ്രേക്ഷകർ‌ക്ക് സുപിരിചിതയാണ്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു കവിയൂർ രേണുക.രേണുകയുടെ മരണ ശേഷം ഇവരുടെ മകൾ നിധിയെ വളർത്തിയത് കവിയൂർ പൊന്നമ്മയാണ്. മുമ്പൊരിക്കൽ സഹോദരിയുടെ മരണത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ സംസാരിച്ച വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

കവിയൂർ പൊന്നമ്മ പറഞ്ഞതിങ്ങനെ

ഒരുപാട് ദുഃഖങ്ങളും എനിക്കുണ്ട്. അനുജത്തിയുടെ മരണം. ഒരു അസുഖവും ഉണ്ടായിരുന്നില്ല. എവിടെയൊക്കെ ചെക്കപ്പ് നടത്തി. ചെയ്യാനൊന്നുമില്ലായിരുന്നു. അത്രയും നോക്കി. പക്ഷെ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു

രണ്ട് മാസം കഴിഞ്ഞാണ് ഞങ്ങളറിയുന്നത്. നാല് മാസമാെക്കെ ആഹാരം കഴിക്കാതിരുന്നു. എന്തിനാണെന്ന് ഞങ്ങൾക്കറിയില്ല. എന്നോടിട്ട് പറഞ്ഞിട്ടുമില്ല. മരിക്കുന്ന സമയത്ത് വടക്കുംനാഥന്റെ ഷൂട്ടിം​ഗിന് ഋഷികേശിലായിരുന്നു ഞാൻ

തലേദിവസം കണ്ട് കുറേ ചീത്ത വിളിച്ചിട്ടിയായിരുന്നു ഞാൻ പോയത്. അതായിരുന്നു എന്റെ വിഷമം. ചേച്ചി എന്നെ വഴക്ക് പറഞ്ഞു, എന്റെയടുത്തിരുന്നില്ല എന്നൊക്കെ അവൾ പറഞ്ഞിരുന്നത്രെ. ഞാനും അന്നിത്തിരി ടെൻഷനിലായിരുന്നു’ ‘നീയെന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത് കൊച്ചിനെ ഓർക്കണ്ടേ എന്നൊക്കെ ചോദിച്ച് ചാടിയിരുന്നു. രേണുവിന്റെ മകൾ എന്റെ കൂടെയാണ്. എനിക്കിപ്പോൾ രണ്ട് മക്കളായി, കവിയൂർ പൊന്നമ്മ പറഞ്ഞു.

രേണുകയുടെ മകൾ നിധി അന്ന് തന്റെ വല്ല്യമ്മയെക്കുറിച്ച് ചാനലിൽ സംസാരിച്ചു. എന്റെ വല്യമ്മ നിങ്ങളുടെയൊക്കെ കവിയൂർ പൊന്നമ്മയാണ്. ഇപ്പോൾ എന്റെ അമ്മയുമാണ്. മുമ്പൊക്കെ വല്ല്യമ്മയെ കാണാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെയേ കാണാൻ പറ്റുള്ളൂ.. ഷൂട്ടിം​ഗിന് കേരളത്തിൽ വരുമ്പോൾ അല്ലെങ്കിൽ വെക്കേഷന് മദ്രാസിൽ പോവുമ്പോഴൊക്കെ. പക്ഷെ ഇപ്പോൾ വല്ല്യമ്മ കേരളത്തിലേക്ക് വന്നു. ഞങ്ങളുടെ കൂടെയാണ്. എന്റെ അമ്മ മരിച്ച ദുഃഖം കുറച്ചെങ്കിലും സഹിക്കാൻ പറ്റുന്നത് വല്ല്യമ്മ എന്റെയൊപ്പമുള്ളത് കൊണ്ടാണ്. ഒരുപാട് സ്നേ​ഹം എനിക്ക് വല്ല്യമ്മ തരുന്നുണ്ട്. അതെനിക്കൊരിക്കലും മറക്കാൻ പറ്റില്ല’

‘നിധിയെക്കുറിച്ച് കവിയൂർ പൊന്നമ്മയും അന്ന് സംസാരിച്ചു. ഇതാണ് ഇപ്പോഴത്തെ എന്റെ നിധി. ഇടയ്ക്കൊന്ന് സീരിയലൊക്കെ അഭിനയിക്കാൻ നോക്കി. ഞാനന്ന് എതിർത്തു’ ‘നന്നായിട്ട് പഠിക്കുന്ന കുട്ടിയല്ലേയെന്ന്. പണ്ടത്തെ പോലെയല്ല ഇപ്പോൾ. ഞങ്ങളുടെയൊക്കെ കാലഘട്ടത്തിൽ ഒരു ഹീറോയിൻ വന്ന് എത്ര വർഷമാണ് നല്ല കഥാപാത്രങ്ങൾ ചെയ്തത്. ഇപ്പോഴത്തെ അവസ്ഥയതല്ല. ഇപ്പോൾ പെൺകുട്ടികളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണ്’ ‘ഒരു പടത്തിൽ അഭിനയിച്ച് അടുത്ത പടത്തിൽ തേടുന്നത് ഫ്രഷ് ഫേസിനെയാണ്. വന്ന് കഴിഞ്ഞിട്ട് പിന്നെ നിൽക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ്’ ‘അത് കൊണ്ട് ‍ഞാൻ‌ വേണ്ടെന്ന് പറഞ്ഞു. നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. പഠിച്ച് ഒരു ജോലിയായ ശേഷം അവൾക്ക് ആരെ ഇഷ്ടമാണോ അവരെ കല്യാണം കഴിപ്പിച്ച് കൊടുക്കാൻ തയ്യാറാണ്. പക്ഷെ നന്നായി നോക്കുന്നവനായിരിക്കണം.