കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനും ഭാര്യയും നടിയുമായ കാവ്യ മാധവനുമെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. ദിലീപ് കുറ്റക്കാരനാണെന്നാണ് താരങ്ങളുടെ സംഘടനയായ അമ്മ പോലും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ദിലീപിനെ അനുകൂലിച്ച് സംഘടന ഒരു പ്രമേയം പോലും പാസാക്കത്തതെന്നും ലിബര്‍ട്ടി പറയുന്നു.

അതേസമയം, സംഭവം നടന്നതിനു പിന്നാലെ ഇതിനു പിന്നില്‍ ദിലീപ് ആണെന്നും, മമ്മൂട്ടി ഇടപെട്ടിരുന്നെങ്കില്‍ അറസ്റ്റ് നടക്കില്ലായിരുന്നു എന്ന് താന്‍ അറിഞ്ഞിരുന്നതായും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു. കാവ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും ലിബര്‍ട്ടി ആഞ്ഞടിച്ചു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തെ അറിഞ്ഞിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളിലും കാവ്യയ്ക്ക് പങ്കുണ്ടെന്ന സൂചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിനു പിന്നിലെ മാഡം കാവ്യ മാധവന്‍ ആണെന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ കേസിലെ മുഖ്യപ്രതി സുനി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദിലീപ് തന്നോട് തുറന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കുടുംബത്തില്‍ പിറന്നവര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തനിക്ക് നടനോട് പ്രതികാരം ചെയ്യേണ്ട കാര്യമില്ലെന്നും ലിബര്‍ട്ടി കൂട്ടിച്ചേര്‍ത്തു.