കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച തുടരും. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്.

ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു. മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു.

അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. ഇദ്ദേഹത്തിന്‍റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതേസമയം കേസിൽ ഇനി റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. നേരത്തെ മജിസ്‌ട്രേട്ടിന്  മുൻപിൽ  റിമി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ റിമി ഉറച്ചു നില്‍ക്കുമോ എന്നതാണ് നിര്‍ണ്ണായകം. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഉറപ്പിക്കുന്നതായിരുന്നു റിമിയുടെ മൊഴി. റിമി ഈ മൊഴിയില്‍ ഉറച്ചു നിന്നാല്‍ കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് ദിലീപുമായുള്ള വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയില്‍ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറും.

നാളെ റിമി ടോമിയുടെ മൊഴിയെടുക്കലാകും പ്രധാനമായും നടക്കുക. ദിലീപുമായി അടുപ്പമുള്ള വ്യക്തിയായാണ് റിമിയെ വിലയിരുത്തുന്നത്. അതുകൊണ്ട് പ്രതിഭാഗം വലിയ തോതില്‍ ക്രോസ് വിസ്താരം നടത്താന്‍ സാധ്യതയില്ല. കല്ലൂരിലെ സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുരോഗമിക്കുന്നത്. നേരത്തെ റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്ബത്യവും തകര്‍ന്നത് എന്നാണ് വാദം.

ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്ബോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. എല്ലാവരോടും പെട്ടന്ന് സൗഹൃദം കാണിക്കുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച്‌ ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഈ പ്രതികാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പൊലീസിന് റിമി നേരത്തെ നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു.

2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി,  നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്‌ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച്‌ കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച്‌ ബാത്ത്റൂമില്‍ പോയി. കുറച്ച്‌ കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.

2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്‌ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച്‌ നടന്ന കാര്യങ്ങളേക്കുറിച്ച്‌ എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച്‌ മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച്‌ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച്‌ കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്നും റിമി തന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോടതിയില്‍ ഇതിനോടകം പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്ബീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്ബീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്.