ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ഇന്ത്യയിൽ 2,40,842 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 58.83% കേസുകളും തമിഴ്നാട്, കർണാടക, കേരള, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളതാണ്. 14.89% കേസുകൾ തമിഴ്നാട്ടിൽ നിന്നും മാത്രമുളളതാണ്.

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ 35,873 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കർണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകൾ.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേ‌ർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം കർണാടകയിൽ 451 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്കുകൾ പ്രകാരം മേയ് 22 ന് 21,23,782 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ 32,86,07,937 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്.