നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാനതെളിവ് അപ്രത്യക്ഷമായി. പള്‍സര്‍ സുനി കാവ്യ മാധവന്റെ വീട്ടിലെത്തിയെന്നുപറയുന്ന ദിവസങ്ങളിലെ സന്ദര്‍ശകറജിസ്റ്റര്‍ കാവ്യയുടെ വില്ലയില്‍ നിന്ന് കാണാതായി. ഇത് നശിപ്പിക്കപ്പെട്ടതാകാമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മഴവെള്ളം വീണ് നശിച്ചുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ നൽകിയ വിശദീകരണം.

രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ നടന്‍ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, ‘അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.അതായത്, ദിലീപിന്റെ ക്വട്ടേഷന്‍ 2013 ല്‍ ഏറ്റെടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പള്‍സര്‍ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കുറ്റപത്രം പഴുതടഞ്ഞ രീതിയില്‍ തയ്യാറാക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ തവണ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. ഈ മൊഴിയാണ് കാവ്യയെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നും ഉപദേശിച്ചു എന്നാണു വിവരം. എന്നാല്‍, സാങ്കേതികത്തെളിവുകള്‍ ആവശ്യത്തിന് ഉള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാലും പൊലീസിനു പൊളിക്കാനാവും.

എറണാകുളം സി.ജെ.എം. കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ വ്യക്തമാക്കിരുന്നു. പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴിയും ഉണ്ട്. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പൊലീസിനു കഴിയും.

പള്‍സറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍നിന്നു കുറ്റസമ്മതമാണു പൊലീസ് പ്രതീക്ഷിക്കുന്നത്. പൊലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറില്‍ തന്റെ ഫോണില്‍നിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനല്‍കിയിരുന്നു. ഇതെല്ലാം കാവ്യയ്ക്കും ദിലീപിനും എതിരായ തെളിവുകളാണ്. അറസ്റ്റ് ഒഴിവാക്കാന്‍ കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടാനിടയില്ല. ഇത് തള്ളിയാല്‍ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും അന്വേഷണ സംഘം തയ്യാറാകും. അതുകൊണ്ട് തന്നെ അത്തരമൊരു നീക്കം കാവ്യ നടത്തില്ലെന്നാണ് സൂചന.

Read more.. ജോലിയില്‍ നിന്ന് പുറത്താക്കിയത് മറച്ചുവെച്ച് മറ്റൊരാശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ച മലയാളി നഴ്സിന് യുകെയിൽ ജയില്‍ ശിക്ഷ