യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന.

രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിനുശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് പ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിവരങ്ങള്‍ കേസില്‍ ജാമ്യത്തിനായി ഓടി നടക്കുന്ന ദിലീപിന്റെ കുരുക്ക് മുറുക്കുമോ എന്നാണ് സംശയം.കാവ്യാ മാധവനൊപ്പം അമ്മ ശ്യാമളയും ഉണ്ടായിരുന്നു ചോദ്യം ചെയ്യലില്‍ ഉണ്ടായിരുന്നു.നേരത്തെ കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പോലീസ് എത്തിയത്.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്.നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും മെമ്മറികാര്‍ഡ് ലഭിച്ചിരുന്നില്ല.ചില രേഖകളും മറ്റും പൊലീസ് ശേഖരിച്ചിരുന്നു.

ദിലീപ് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ യുവനടിയാണെന്ന് കരുതിയാണ് ആക്രമണത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രമുഖ നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ ദിലീപിന് ജാമ്യം നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ എഡിജിപി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തി.