മലയാളം യുകെ ന്യൂസ് ടീം.
അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെൻറിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ (CHAI) ഡയറക്ടർ ജനറൽ. “കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെൻറിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ” CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ (CHAKE) കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഫാ. തോമസ് വൈക്കത്തുപറമ്പിലാണ് CHAKE യുടെ കേരള സ്റ്റേറ്റ് പ്രസിഡന്റ്.
ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു.
സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.
Leave a Reply