കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട് ചെയ്തു.
കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും സുരേന്ദ്രന്റെ മകനുമായി ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെയാണ് നടപടി.. അധികം താമസിയാതെ സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ധർമരാജൻ വലിയതോതിലുള്ള കുഴൽപ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധർമരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ മകൻ നിരന്തരം ധർമരാജനെ വിളിച്ചത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Leave a Reply