സ്വന്തം ലേഖകൻ
കൊച്ചി: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. കോണ്‍ഗ്രസുകാരാണ് വയല്‍ക്കിളികളെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനില്ലെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്മെന്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ തങ്ങളും അംഗീകരിച്ചുവെന്നേയുള്ളൂ. വി.എം സുധീരനും ഷാനിമോള്‍ ഉസ്മാനുമൊക്കെയാണ് സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവരാരെങ്കിലും ഇന്നുവരെ ഒരു സമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
കീഴാറ്റൂര്‍ സമരമല്ല കോണ്‍ഗ്രസിെന്റ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തെ പിന്തുണച്ച് സുധീരന്‍ സമയം കളയരുത്. കേന്ദ്ര സര്‍ക്കാറാണ് ദേശീയപാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്മെന്റാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. കീഴാറ്റൂരില്‍ സമരം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടത്.
വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയ ബി.ജെ.പിക്കാര്‍ കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണോ വന്നതെന്ന് വ്യക്തമാക്കണം. സി.പി.എമ്മിന് മാത്രമായി പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ട. സര്‍ക്കാറിന് വിഷയത്തില്‍ ഒരു ആകാംക്ഷയുമില്ല. ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് അവിടെയുള്ളത്. അത് അവര്‍തന്നെ പരിഹരിച്ചോളുമെന്നും മന്ത്രി പറഞ്ഞു.
Leave a Reply