ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ വാഗ്ദാനങ്ങളുമായി ലേബർ പാർട്ടി മുന്നോട്ടുവന്നു. തന്റെ പാർട്ടി അധികാരത്തിൽ എത്തിയാൽ ബ്രിട്ടനെ പുനർ നിർമ്മിക്കുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. ഇതിൻറെ ഭാഗമായി പുതിയ നഗരങ്ങളും ഭവനങ്ങളും നിർമ്മിക്കും. പാർട്ടി അധികാരത്തിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആസൂത്രണ സംവിധാനം ഒന്നടക്കം ഉടച്ച് വാർക്കുമെന്ന് അദ്ദേഹം പറഞ്ഞു.


വീടുകൾ ഇല്ലാത്ത ദുർബല വിഭാഗത്തിൽ പെട്ടവർക്കായി 1.5 ദശലക്ഷം ഭവനങ്ങൾ നിർമ്മിക്കുമെന്നാണ് ലേബർ പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനം. ലേബർ പാർട്ടിയെ സർക്കാരിൻറെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടിയിൽ നിന്ന് അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ രൂപീകരിക്കുന്ന പാർട്ടിയായി ജനങ്ങൾ കണ്ടു തുടങ്ങി എന്ന് അദ്ദേഹം അവകാശപ്പെട്ടു. തൻറെ പ്രസംഗത്തിലുടനീളം സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും ജനങ്ങൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. ലിവർപൂളിൽ അദ്ദേഹം നടത്തിയ പ്രസംഗം അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി അനുഭാവികളെ സജ്ജരാക്കുന്നതിനുള്ള മുന്നൊരുക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞദിവസം എൻഎച്ച്എസ്സിന്റെ നവീകരണത്തെക്കുറിച്ച് തൻറെ പാർട്ടിയുടെ നിലപാടുകൾ സർ കെയർ സ്റ്റാമർ വ്യക്തമാക്കിയത് ബ്രിട്ടനിലെങ്ങും ചർച്ചയായിരുന്നു. അധികാരത്തിൽ വരികയാണെങ്കിൽ എൻഎച്ച്എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കെയർ സ്റ്റാമാർ പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റുകൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടത് ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ശനിയും ഞായറും രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് അധിക വരുമാനം ലഭിക്കും. ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തോടെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അനുകൂല മനോഭാവം സ്വീകരിക്കുമോ എന്ന കാര്യം പുറത്തു വന്നിട്ടില്ല. ഡോക്ടർമാർ വാരാന്ത്യത്തിൽ സ്വകാര്യമേഖലയിൽ ജോലിചെയ്ത് ഇപ്പോൾതന്നെ കൂടുതൽ തുക സമ്പാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎച്ച്എസിൽ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്താൽ സ്വകാര്യമേഖലയെക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെങ്കിൽ മാത്രമേ ഡോക്ടർമാർ എൻഎച്ച്സിലെ വാരാന്ത്യ ജോലികൾക്കായി മുന്നോട്ട് വരികയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഇപ്പോൾ തന്നെ കൂടിയ ശമ്പളത്തിനായി ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും നിരന്തര സമരത്തിലാണ്.