സ്വന്തം ലേഖകൻ

ലണ്ടൻ : ലേബർ പാർട്ടിയുടെ പുതിയ നേതാവായി കെയർ സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ ഇമെയിൽ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. എതിരാളികളായ ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയ്‌ലി, ലേബർ എംപി ലിസ നാൻഡി എന്നിവർക്കെതിരെ 56 ശതമാനം വോട്ടുകൾ നേടിയാണ് ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി മത്സരത്തിൽ വിജയിച്ചത്. ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ഏഞ്ചല റെയ്‌നർ 53% വോട്ടുകൾ നേടി സ്റ്റാർമറുടെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു. “ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഒരു മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഇനി പാർട്ടിയുടെ ലക്ഷ്യം. ഇത് ബ്രിട്ടീഷ് ജനതയോടുള്ള എന്റെ പ്രതിജ്ഞയാണ്. ഈ ദുഷ്‌കരമായ സമയങ്ങളിൽ നിങ്ങളെ നയിക്കാനും നിങ്ങളുടെ എല്ലാ സമുദായങ്ങളെയും സേവിക്കാനും നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായി പരിശ്രമിക്കാനും ഞാൻ പരമാവധി ശ്രമിക്കും.” സ്റ്റാർമർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ പുതിയ ഷാഡോ കാബിനറ്റ് അംഗങ്ങളെ സ്റ്റാർമർ ഇന്ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ലേബർ എംപിമാരായ റേച്ചൽ റീവ്സ്, അന്നലീസി ഡോഡ്സ് എന്നിവരാവാനാണ് കൂടുതൽ സാധ്യത. ബ്രെക്സിറ്റും കൊറോണ വൈറസും മങ്ങലേൽപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. ജെറമി കോർബിന്റെ വിശ്വസ്തനായിരുന്ന ലോംഗ്-ബെയ്‌ലിക്കായിരുന്നു മുൻഗണന എങ്കിലും കാര്യങ്ങൾ മാറിമറിയുകയായിരുന്നു. 2016 മുതൽ ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റാർമർ. 1962 ൽ സൗത്ത് ലണ്ടനിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമായിരുന്നു . ലീഡ്‌സ്, ഓക്സ്ഫോർഡ് സർവകലാശാലകളിൽ നിയമപഠനം നടത്തിയ ശേഷം മനുഷ്യാവകാശ അഭിഭാഷകനായി. 1990 ൽ വടക്കൻ ലണ്ടനിൽ ഡൗട്ടി സ്ട്രീറ്റ് ചേമ്പേഴ്‌സ് സ്ഥാപിച്ചു. “മക്ലിബൽ” കേസ് അടക്കം പല പ്രമുഖ കേസുകളിലും സ്റ്റാർമർ പങ്കെടുത്തിട്ടുണ്ട്. 2008 ൽ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് മേധാവിയായും നിയമിതനായപ്പോൾ അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന നിയമ വ്യക്തികളിൽ ഒരാളായി. 2015 ൽ ഹോൾബോർണിന്റെയും സെന്റ് പാൻക്രാസിന്റെയും ലേബർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതലാണ് രാഷ്ട്രീയത്തിലേക്ക് മാറിയത്. ആ വർഷം തന്നെ കോർബിൻ, സ്റ്റാർ‌മറിനെ തന്റെ ഷാഡോ ഇമിഗ്രേഷൻ മന്ത്രിയാക്കി.

കൊറോണ വൈറസ് അതിഭീകരമായി ബ്രിട്ടനെ ബാധിച്ചിരിക്കുന്നതിനാൽ തന്റെ ഭരണത്തിന്റെ ആദ്യ നാളുകൾ സ്റ്റാർമറിന് പ്രതിസന്ധി നിറഞ്ഞതായിരിക്കും. ബ്രെക്സിറ്റ് വിഷയത്തിൽ ഡിസംബറിനപ്പുറത്തേക്ക് പരിവർത്തന കാലയളവ് നീട്ടുന്നതിന് ജോൺസണെ പ്രേരിപ്പിക്കാൻ സ്റ്റാർമെറിന് ബാധ്യതയുണ്ട്. അടുത്ത കാലത്തായി ലേബർ പാർട്ടിയെ ബാധിച്ച ഒരു വിഷയം ആന്റിസെമിറ്റിസമാണ്. അംഗങ്ങളും പാർട്ടി നേതാക്കളും ചില എംപിമാരും ജൂത ജനതക്കെതിരെ മുൻവിധി പ്രചരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കെ കഴിഞ്ഞ ഡിസംബറിൽ ഏറ്റ കനത്ത തോൽ‌വിയിൽ നിന്ന് കരകയറാനാവും സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ആദ്യം ശ്രമിക്കുക.