ലണ്ടന്‍: തോമസ് കുക്ക് വിമാനങ്ങളിലെ പൈലറ്റുമാര്‍ പണിമുടക്കുന്നു. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ബാല്‍പയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ശമ്പള വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. പൈലറ്റുമാര്‍ അസംതൃപ്തരാണെന്നും പണിമുടക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും ബാല്‍പ ജനറല്‍ സെക്രട്ടറി ബ്രയന്‍ സ്ട്രട്ടന്‍ പറഞ്ഞു. യാത്രക്കാരോടല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം മൂലം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്ന അതേ പ്രതിസന്ധിയാണ് ഇപ്പോള്‍ യുകെയിലെ വിമാനയാത്രക്കാര്‍ക്ക് ഈ സമരം മൂലം ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയിലെ ഒട്ടേറെ സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തപ്പോളുണ്ടായ സാഹചര്യത്തോളം മോശമല്ല ഇപ്പോളത്തേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിവസം 50 വിമാനങ്ങള്‍ എന്ന നിരക്കിലായിരുന്നു റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.

ഇന്നത്തെ മിക്ക സര്‍വീസുകളും നടക്കുമെന്ന് തന്നെയാണ് തോമസ് കുക്ക് അറിയിക്കുന്നത്. എന്നാല്‍ ചില വിമാനങ്ങളുടെ പുറപ്പെടല്‍ സമയം നാലു മണിക്കൂര്‍ വരെ വൈകിയേക്കാം. സമരം ചെയ്യാത്ത ജീവനക്കാരും മാനേജ്‌മെന്റില്‍ നിന്നുള്ളവരും സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ പ്രവര്‍ത്തിക്കും. അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.