ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗവും ഇന്ത്യന്‍ വംശജനുമായ കീത്ത് വാസിനെതിരെ ആരോപണങ്ങള്‍ തുടരുന്നു. കോമണ്‍സിലെ ക്ലര്‍ക്കുമാരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്ന പുതിയ ആരോപണം. കോമണ്‍സിലെ ചട്ടങ്ങളും രീതികളും വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോളാണ് വാസ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ക്ലര്‍ക്കുമാര്‍ പറയുന്നു. ഒരു വനിതാ ജീവനക്കാരിയെ വംശീയമായി അധിക്ഷേപിക്കുകയും അവര്‍ക്ക് ഒരു അമ്മയാകാന്‍ കഴിയാത്തതിനാലാണ് ജോലിയില്‍ മോശമാകുന്നതെന്ന് പറയുകയും ചെയ്തുവെന്ന് പരാതിയുണ്ട്.
സഭയുടെ നിയമങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും വാസ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ഇവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ലെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പ്രതിനിധിയാണ് കീത്ത് വാസ്. പല തവണ എംപി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ജെന്നി മക്കള്ളോ എന്ന സ്ത്രീ ബിബിസിയോട് പറഞ്ഞു. വാസിന്റെ ഈ സ്വഭാവം മൂലം താന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മക് കള്ളോ കീത്ത് വാസ് 2007 മുതല്‍ 2016 വരെ അധ്യക്ഷനായിരുന്ന ഹോം അഫയേഴ്‌സ് സെലക്റ്റ് കമ്മിറ്റിയില്‍ സെക്കന്‍ഡ് ക്ലര്‍ക്ക് ആയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വാസ് നിഷേധിച്ചു. വിദേശങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ബിസിനസ് ട്രിപ്പുകളായും ഹോളിഡേ യാത്രകളായും മാറ്റുന്ന രീതിക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മക് കള്ളോ അവകാശപ്പെടുന്നത്. റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ വാസ് പലതവണ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ലോബിയില്‍ വെച്ച് വാസ് തന്നെ ശകാരിച്ചതായും അവര്‍ പറഞ്ഞു. പുരുഷ വേശ്യകളുമായി ബന്ധപ്പെട്ടുവെന്നും അവര്‍ക്ക് കൊക്കെയിന്‍ വാങ്ങി നല്‍കി എന്നും ആരോപണമുയര്‍ന്നതോടെയാണ് 2016ല്‍ വാസ് ഹോം അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
Leave a Reply