തോമസ് ചാക്കോ 

ലണ്ടൻ : നോട്ട് നിരോധനത്തിലൂടെ ഞങ്ങൾ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കി എന്ന് വിശ്വസിപ്പിച്ച്  ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കി ഭരണത്തിൽ കയറിയ ബി ജെ പി ഗുജറാത്ത് ഭരണം പിടിക്കാൻ പുതിയ ജാതി രാഷ്ട്രീയ തന്ത്രം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഹിന്ദു ജാതി രാഷ്ട്രീയം ഏറ്റവും കുടുതൽ തലയ്ക്ക് പിടിച്ച ജനതയുള്ള ഗുജറാത്തും ആം ആദ്മി പാർട്ടിയുടെ വരവോട് കൂടി നഷ്‌ടപ്പെടുമോ എന്ന ഭയം ബിജെപി കേന്ദ്രങ്ങളെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു .

പതിവ് വർഗ്ഗീയ കലാപങ്ങളോ , വ്യാജ തീവ്രവാദി ആക്രമണങ്ങളോ നടത്തി ഹിന്ദു വോട്ടുകൾ എങ്ങനെ നേടാം എന്ന ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ വർഗീയ കലാപങ്ങളെ എങ്ങനെ നേരിടണമെന്ന് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആം ആദ്മി പാർട്ടി ഗുജറാത്ത് ജനതയെ പരിശീലിപ്പിച്ചതുകൊണ്ട് ഇനിയും ആ തന്ത്രം ഏൽക്കില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞു.

പകരം ഇന്ത്യൻ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ മാറ്റി പകരം സവർക്കറുടെയും  ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പതിപ്പിച്ച്, ഹിന്ദു വർഗ്ഗീയതയെ ഉപയോഗപ്പെടുത്തി ഗുജറാത്ത് നേടുവാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു ബി ജെ പി . എന്നാൽ ഈ കപട രാഷ്ട്രീയ നീക്കം നേരത്തേ തിരിച്ചറിഞ്ഞ അംബേദ്‌കർ ഭക്തനും ഐ ഐ ടി ബിരുദധാരിയുമായ അരവിന്ദ് കെജ്‍രിവാൾ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ തകർത്തു കളഞ്ഞു ബിജെപിയുടെ ഈ വർഗ്ഗീയ ധ്രുവീകരണ നീക്കത്തെ.

ബി ജെ പി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോ നിലനിർത്തികൊണ്ട്, മുസ്‌ളീം രാഷ്ട്രമായ ഇൻഡോനേഷ്യ ചെയ്തതു പോലെ ഐശ്യര്യ ദേവതകളായ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി കഴിഞ്ഞു . ഇന്നലെ വരെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചിരുന്നത് ബിജെപി ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആം ആദ്മി പാർട്ടിയായി മാറുന്ന ബുദ്ധിപരമായ നീക്കം തന്നെയാണ് കെജ്‍രിവാൾ നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

എന്നാൽ ബി ജെ പിയുടെ ഹിന്ദു വോട്ട് ഏകീകരണ തന്ത്രങ്ങളായ ബീഫ് നിരോധനം , സൗജന്യ അയോധ്യാ യാത്ര , ഡെൽഹിയിലെ ഹിന്ദു -മുസ്ലിം ലഹളകൾ മുതലായവയിൽ ഒന്നും തട്ടി വീഴാതെ ബിജെപിക്കെതിരെ തന്ത്രപൂർവ്വം വളരുന്ന കേജ്‍രിവാളിനെതിരെ കേരളത്തിലും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. കെജ്രിവാളിന്റെ നിലപാടുകളോട് പലപ്പോഴും ആദ്യം വൈകാരികമായി നിലപാടുകൾ എടുക്കുന്ന മലയാളികൾക്ക് വടക്കേ ഇന്ത്യക്കാരന്റെ ചിന്താ രീതി മനസിലായി വരുവാൻ അൽപം സമയമെടുക്കും എന്നതാണ് സത്യം .

കപട നോട്ട് നിരോധനം നടത്തി കൈയ്യടി നേടിയതുപോലെ ഈ പ്രശ്നത്തിൽ ബി ജെ പിയെ കുഴപ്പത്തിൽ ആക്കാൻ കെജ്‌രിവാൾ സ്വീകരിച്ച രാഷ്ട്രീയ അടവാണ് ഇതെന്ന് മനസ്സിലാക്കി വരാൻ മലയാളി ഇനിയും കാത്തിരിക്കണം. വടക്കേ ഇൻഡിയിലെ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും കെജ്‌രിവാളിൻ്റെ ഈ നിലപാട് നല്ലതുപോലെ മനസ്സിലായി കഴിഞ്ഞു. അതുകൊണ്ടാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി ശരവേഗത്തിൽ വളർന്നു പന്തലിക്കുന്നതും.

ബിജെപിയെ എങ്ങനെ നേരിടണമെന്നും, അവരുടെ വോട്ട് ബാങ്കുകളിൽ എങ്ങനെ വിള്ളൽ വീഴ്ത്തണമെന്നും, അതിൽ വിള്ളൽ വീഴ്ത്താതെ ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കി, ബിജെപിക്കെതിരെ ശരിയായ  തുറുപ്പ് ചീട്ടുകൾ ഇറക്കി രാഷ്ട്രീയം കളിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ബുദ്ധിപരമായ ഈ  നീക്കത്തിന് മുൻപിൽ  ബിജെപി ഒരിക്കൽ കൂടി അടിപതറി എന്ന് നിസംശയം പറയേണ്ടി വരും .

അതോടൊപ്പം  ഹിന്ദു – മുസ്‌ലിം ധ്രുവീകരണം എന്ന രാഷ്ട്രീയ തന്ത്രത്തെ ബുദ്ധിപൂർവ്വവും വിവേകപൂവ്വവും നേരിടുന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ വോട്ട് നേടാൻ മറ്റ് വഴികൾ കണ്ടെത്താൻ പാടുപെടുന്ന ബിജെപിയെയാണ് ഇന്ന് ഗുജറാത്ത് ജനത കാണുന്നത് . എന്തായാലും ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ അരവിന്ദ് കെജ്‍രിവാൾ എന്ന നേതാവ് രാഷ്ട്രീയമായി വളർന്നു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത് .