ജേക്കബ് മാളിയേക്കൽ

സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ജൂൺ നാല്, അഞ്ച് (ശനി, ഞായർ) തീയതികളിൽ ഒരുക്കുന്ന യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് ടോമി വിരുത്തിയേൽ അറിയിച്ചു.

ഭാരതത്തിന്‍റെ സമ്പന്നമായ കലാ – സാഹിത്യ – സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ മഹനീയവും ഊർജസ്വലവുമായ വർത്തമാന കാലാവിഷ്ക്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മുന്പോട്ടുവന്ന കേളി ഇന്‍റർനാഷണൽ കലാമേള സൂറിച്ചിലാണ് കൊടിയേറുന്നത്.‌

ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് 50 തിലേറെ കലാപ്രതിഭകളുമായി അണിയിച്ചൊരുക്കുന്ന മെഗാ ഷോയും ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.

മഹാമാരിക്കിടയിലും 300 ലതികം റജിസ്ട്രേഷനുമായി വീണ്ടും പുനരാരംഭിക്കുന്ന 17-ാ മത് ഇന്റർനാഷണൽ കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.കലാമേളയുടെ പര്യാവസാനത്തിനായി സമ്പന്നമായ ഒരു സമാപന ചടങ്ങും തയ്യാറാക്കിയിട്ടുണ്ട്.

നിരവധി പ്രോഗ്രാമുകൾ കൂട്ടിയിണക്കി, ഭാരതീയരാണെന്നതിൽ അഭിമാനം കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കേളി ഇന്റർനാഷണൽ കലാമേളയിലേക്ക് എല്ലാവരെയും കേളി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.