നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ശരത് ജി നായർ അതിവേഗത്തിലാണ് കോടീശ്വരനായത്. 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ വാടക കെട്ടിടത്തിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്.
ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മണിമാളികയിൽ. പിതാവ് വിജയൻ ആലുവയിലെ ’നാന’ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ’സൂര്യ’ എന്നാക്കി. കാര്യമായ വിദ്യാഭ്യാസം നേടാത്ത ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു.
വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് സൂര്യാ ഹോട്ടലിനൊപ്പം ട്രാവൽസ് കൂടി ആരംഭിക്കുന്നത്. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി.ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായത് വഴിത്തിരിവായി. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്. ദിലീപുമായി അടുത്ത സൗഹൃദമായി.
പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിന് ശേഷമാണ് ഊട്ടിയിലും ഹോട്ടൽ തുറന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. പ്രമുഖരുമായുള്ള ബന്ധം ഊഷ്മളമായി നിലനിറുത്താൻ വൈദഗ്ദ്ധ്യമുള്ളയാളാണ് ശരത്ത്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്.
Leave a Reply