തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും

28 വൈറസ് ബാധിതരിൽ 19 പേരും കാസര്‍കോട് ജില്ലയിൽ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരിൽ 25 പേരും വന്നത് ദുബൈയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മാർച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണിൽ സംസ്ഥാനം മൊത്തം  അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ ഉണ്ടാവില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളിൽ പോകാം. ആശുപത്രികൾ പ്രവർത്തിക്കും. ഇന്ധന പാചക വിതരണം തുടരും.

ആരാധനാലയങ്ങളിൽ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ  പാടില്ല. എന്നാൽ ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം.

ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് അസുഖം മാറി വീട്ടിൽ പോയി. 383 പേർ ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.

കാസർകോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നു. കാസർകോട് ജില്ലയിൽ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. എല്ലാവരും പരിശോധനക്ക് വിധേയരാകണം.

വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടക്കുന്നത് തടയും. നിരീക്ഷത്തിലുള്ളവരുടെ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും സ്വീകരിക്കും. ഇവർ ടവർ ലൊക്കേഷൻ മറികടന്നാൽ പൊലീസ് ഇടപെട്ടും. നിരീക്ഷണത്തിലുള്ളവരുടെ അയൽവാസികളേയും ഇനി നിരീക്ഷണത്തിലുള്ള ആൾക്കാരുടെ വിവരം അറിയിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊവിഡ് ബാധിതരെ ചികിത്സിക്കാൻ പ്രത്യേകം ആശുപത്രികൾ ഒരുക്കും. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ ആദ്യദിനം മുതൽ വിശ്രമമില്ലാത്ത പ്രവർത്തിക്കുകയാണ്. തുടർന്നും അവരുടെ സേവനം ഉറപ്പാക്കാനായി ജോലി ചെയ്യുന്ന ആശുപത്രികൾക്ക് സമീപം തന്നെ അവർക്ക് താമസ സൗകര്യം ഉറപ്പാക്കും. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് ഇക്കാര്യം ആർബിഐയെ അറിയിക്കും. ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം പരിശോധിക്കണം.

വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ പാർപ്പിക്കും. നിരീക്ഷത്തിലുള്ളവർക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളിൽ എത്തിക്കും. ഈ സൗകര്യം ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം.

ചില മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്ന സാഹചര്യമുണ്ട്. ചില കളക്ഷൻ ഏജൻറുമാര്‍ ഇടപാടുകാരുടെ വീടുകളിൽ പോയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള എല്ലാ കളക്ഷനും രണ്ടാഴ്ചത്തേക്ക് നിർത്തി വയ്ക്കുന്നു. മെഡിക്കൽ ഷോപ്പടക്കം എല്ലാ അവശ്യവസ്തുകൾ വിൽക്കുന്ന സ്ഥാപനങ്ങളും രാവിലെ എഴ് മണി മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കാൻ പറ്റില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെയുണ്ടായാലും അതു തടയണം. ഇതിനായി 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്നതാണ്. രോഗപകർച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താത്കാലിക ഐസൊലേഷൻ സെൻ്റെറുകളിലാണ് താമസിക്കുക. എന്നാൽ ഗൌരവകരമായ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ഐസൊലേഷൻ വാർഡിൽ പാർപ്പിക്കേണ്ടതുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഇനി അയൽവാസികൾക്ക് കൊടുക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഒപ്പം നൽകും നിരീക്ഷണത്തിലുള്ളവർക്ക് പുറത്തിറങ്ങിയാൽ അയൽവാസികൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടന്നാൽ അറസ്റ്റ് ഉറപ്പാണ്.

മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കും. എന്നാൽ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ മാധ്യമപ്രവർത്തകർ സ്വയം സ്വീകരിക്കണം. ഇതേക്കുറിച്ച ചർച്ച ചെയ്യാൻ നാളെ മാധ്യമമേധാവികളുമായി ഒരു വീഡിയോ കോൺഫറൻസിംഗ് നടത്തും. അസാധാരണായ ഒരു സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നായി നിന്നു മുന്നേറേണ്ട സമയമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളേയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടയാൻ നാട്ടിലെ മുഴുവൻ ജനങ്ങളുടേയും പിന്തുണ തേടുന്നു. രോഗത്തെ നേരിടാൻ സർക്കാർ ഒപ്പമല്ല.. മുന്നിൽ തന്നെയുണ്ടാവും എന്ന് ഓർമ്മിപ്പിക്കുന്നു.