നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം മത്സരിക്കണമെന്ന് അമിത് ഷായുടെ നിര്‍ദേശം. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തിലും ഏകദേശം തീരുമാനമായിട്ടുണ്ട്. അന്തിമ തീരുമാനം കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെപി നഡ്ഡ സ്വീകരിക്കും. ഇതുപ്രകാരം ബിജെപി വിജയസാധ്യത കണക്കുകൂട്ടുന്ന നേമത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
വിജയ സാധ്യത ഏറ്റവും കൂടുതല്‍ കല്‍പിക്കപ്പെടുന്ന പത്ത് മണ്ഡലങ്ങളിലാണ് ബിജെപി പ്രധാന നേതാക്കളെ മത്സരിപ്പിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ കഴക്കൂട്ടത്തോ കോഴിക്കോട് നോര്‍ത്തിലോ മത്സരിപ്പിച്ചേക്കും. കൃഷ്ണദാസിനെ കാട്ടാക്കടയിലോ തലശ്ശേരിയിലോ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ശോഭാ സുരേന്ദ്രന് പാലക്കാടോ പുതുക്കാടോ നല്‍കും. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. അതേസമയം, ബിജെപിയുടെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാലിന്റെ കാര്യത്തില്‍ തീരുമാനമായില്ല. രാജഗോപാല്‍ മത്സരിച്ചിരുന്ന മണ്ഡലമായ നേമത്ത് കുമ്മനത്തിനാണ് നറുക്ക് വീണത്. പകരം തിരിവനന്തപുരം സെന്‍ട്രല്‍ സീറ്റ് രാജഗോപാലിനായി ഒഴിച്ചിടും.
ആലുവ ഗസ്റ്റ് ഹൗസില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന കോര്‍കമ്മിറ്റിയിലാണ് ധാരണ. സംസ്ഥാനത്ത് ചെറുകക്ഷികളെ കൂട്ടുപിടിച്ച് എന്‍ഡിഎ സഖ്യം വിപുലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും യോഗത്തിന് ശേഷം കുമ്മനം പറഞ്ഞു. പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ചനടത്തും ഇത്തവണ ബി.ജെ.പി ജയിക്കാനും ഭരിക്കാനുമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.