ലണ്ടന്‍: ലോകത്ത് വിമാനയാത്ര സുരക്ഷിതമല്ലാതാകുന്നുവെന്ന് സൂചന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 900 വിമാനയാത്രക്കാരാണ് കൊല്ലപ്പെട്ടത്. വിമാനദുരന്തങ്ങളിലേറെയും സംഭവിച്ചത് സുരക്ഷാ പിഴവുകള്‍ കാരണമാണെന്ന് ഡച്ച് സുരക്ഷാ കണ്‍സള്‍ട്ടന്‍സിയായ ടു70 വ്യക്തമാക്കി. രണ്ട് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് സംഭവിച്ച ദുരന്തങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എംഎച്ച് 370യുടെ തിരോധാനത്തെക്കുറിച്ച് ഇനിയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഉക്രൈയിന് മുകളില്‍ വച്ച് എംഎച്ച് 17 വെടിവച്ചിടപ്പെട്ടു. ഇക്കൊല്ലം ജര്‍മന്‍ വിമാനം ആല്‍പ്‌സിന് മുകളില്‍ തകര്‍ന്ന് വീണതും സിനായ് പ്രവിശ്യയിലെ മെട്രോ ജെറ്റ് ദുരന്തവും മരണസംഖ്യ ഉയര്‍ത്തി.
വിമാനപകടങ്ങളിലേറെയും സംഭവിക്കുന്നത് യാത്രക്കാരുടെ അനാവശ്യ ഇടപെടലുകള്‍ മൂലമാണെന്ന് ടു70യിലെ ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ്രിയാന്‍ യങ് പറഞ്ഞു. ഇത് ലോകവ്യാപകമായി തന്നെ തടയപ്പെടണം. എയല്‍ലൈന്‍ ജീവനക്കാര്‍ വിമാനത്താവളത്തിനുളളില്‍ കടക്കുന്ന വഴികളാണ് ആശങ്ക ഉയര്‍ത്തുന്നത്. ആരൊക്കെ എന്തിനൊക്കെ അകത്തേക്ക് പോകുന്നു എന്ന് പരിശോധിക്കാന്‍ പല വിമാനത്താവളങ്ങളിലും ഏറെ ദുര്‍ബലമായ സംവിധാനങ്ങളാണുളളത്. ഷറം അല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോയ മെട്രോ ജെറ്റിലെ 224 പേരുടെ ജീവനെടുത്തത് ഭീകരരുടെ ഒരു ബോംബാക്രമണമാണ്. എന്നാല്‍ ഒരു സ്‌ഫോടകവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് ഈജിപ്ഷ്യന്‍ അന്വേഷണസംഘത്തിന്റെ വിശദീകരണം.

ബോംബ് സ്ഥാപിച്ചതിന് തെളിവുകള്‍ ലഭിച്ചതായി റഷ്യ അവകാശപ്പെടുന്നു. അതി ശക്തമായ സ്‌ഫോടകവസ്തുവാണ് വിമാനം തകര്‍ത്തതെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ഇന്റര്‍നാഷണലിന്റെ എഡിറ്റര്‍ ഫിലിപ്പ് ബാം പറയുന്നു. യാത്ര പുറപ്പെടും മുമ്പ് തന്നെ വിമാനത്തിനുളളില്‍ ബോംബ് സ്ഥാപിച്ചതായാണ് ബ്രിട്ടന്‍ കണ്ടെത്തിയിട്ടുളളത്. ഈജിപ്തിലേക്കുളള മുഴുവന്‍ വിമാന സര്‍വീസുകളും ബ്രിട്ടന്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല.