എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജ് ഇത്തവണ വീഴുമോ. 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പിസി ജോര്‍ജിന്റെ അവകാശവാദം. 2016ല്‍ എല്ലാ മുന്നണികള്‍ക്കെതിരെയും മല്‍സരിച്ച വേളയില്‍ 28000 ആയിരുന്നു ജോര്‍ജിന്റെ ഭൂരിപക്ഷം. അത് ഇത്തവണ കൂട്ടുമെന്ന് അദ്ദേഹം പറയുന്നു. ഭൂരിപക്ഷ സമൂദായത്തിന്റെ വോട്ടില്‍ കണ്ണുനട്ട് പ്രചാരണം നടത്തുന്ന പിസി ജോര്‍ജിന് ഇത്തവണ തിരിച്ചടി ലഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ബിജെപി പിന്തുണ തനിക്കുണ്ട് എന്ന് അടുത്തിടെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ പിസി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ബിജെപിയും എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസും സ്ഥാനാര്‍ഥികളെ നിര്‍ത്തി. എന്‍ഡിഎയിലെ തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിച്ചപ്പോള്‍ അവസാനം ഒരു സ്ഥാനാര്‍ഥി പിന്‍മാറി.

പൂഞ്ഞാറില്‍ ബിജെപിക്ക് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു ആയിരുന്നു. ബിഡിജെഎസിന് വേണ്ടി ജില്ലാ പ്രസിഡന്റ് എംപി സെന്നും പത്രിക നല്‍കി. സമാനമായ പ്രശ്‌നം കോട്ടയം ജില്ലയിലെ മറ്റൊരു മണ്ഡലമായ ഏറ്റുമാനൂരും ഉണ്ടായിരുന്നു.

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ടിഎന്‍ ഹരികുമാറാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ബിഡിജെഎസിന് വേണ്ടി എന്‍ ശ്രീനിവാസനും പത്രിക സമര്‍പ്പിച്ചു. ഏറെ ചര്‍ച്ചഖള്‍ക്ക് ശേഷം ഏറ്റുമാനൂരില്‍ ബിജെപിയും പൂഞ്ഞാറില്‍ ബിഡിജെഎസും മല്‍സരിക്കാന്‍ തീരുമാനിച്ചു. മറ്റുള്ളവര്‍ പത്രിക പിന്‍വലിക്കും.

എന്‍ഡിഎയിലുണ്ടായ പുതിയ ധാരണ പ്രകാരം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എംപി സെന്‍ ആയിരിക്കും. ജില്ലാ അധ്യക്ഷന്‍ മല്‍സരിക്കുന്ന സാഹച്യത്തില്‍ ശക്തമായ പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിഡിജെഎസ് മല്‍സരിച്ചാലും ബിജെപിയുടെ പിന്തുണ തനിക്ക് കിട്ടുമെന്നായിരുന്നു നേരത്തെ പിസി പറഞ്ഞിരുന്നത്. പുതിയ ധാരണകളുടെ സാഹചര്യത്തില്‍ ബിജെപി വോട്ട് മറിക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തുന്നു. അതോടെ പിസി ജോര്‍ജിന്റെ നില പരുങ്ങലിലാകും. എന്നാല്‍ പിസി ജോര്‍ജ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു എന്നാണ് സൂചന.

ഹൈന്ദവ വോട്ടുകളും ക്രൈസ്തവ സഭാ പിന്തുണയും നേടാന്‍ പിസി ജോര്‍ജ് ശക്തമായ ശ്രമം നടത്തുന്നുണ്ട്. ശബരിമല വിഷയമാണ് പൂഞ്ഞാറിലും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് പൂഞ്ഞാര്‍ എംഎല്‍എ ആയ പിസി ജോര്‍ജ്.

പിസി ജോര്‍ജിന് ആശ്വാസമേകി ഹിന്ദു പാര്‍ലമെന്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ഞാറില്‍ പിസി ജോര്‍ജിനും പാലായില്‍ മാണി സി കാപ്പനും പിന്തുണ നല്‍കാനാണ് ഹിന്ദു പാര്‍ലമെന്റിന്റെ തീരുമാനം. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ പറഞ്ഞിരുന്നു. ഹിന്ദു പാര്‍ലമെന്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് പിന്തുണ നല്‍കിയത്.

അഞ്ച് വര്‍ഷം മുമ്പ് വരെ യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ഇടയ്ക്ക് മാറി മാറി പരീക്ഷം നടത്തിയ പിസി ജോര്‍ജ് 2016ല്‍ ഒറ്റയ്ക്കായിരുന്നു. ഇത്തവണയും ഒറ്റയ്ക്ക് തന്നെ. പ്രബല മുന്നണികളെയെല്ലാം പരാജയപ്പെടുത്തി കഴിഞ്ഞ തവണ പൂഞ്ഞാറില്‍ അദ്ദേഹം വന്‍ വിജയം നേടി. ഇത്തവണ വോട്ടുകള്‍ പരമാവധി ഉയര്‍ത്തുകയാണ് എന്‍ഡിഎയുടെ ലക്ഷ്യങ്ങളിലൊന്ന്. അതുകൊണ്ട് പിസി ജോര്‍ജ് പ്രതീക്ഷിച്ച തന്ത്രം വിജയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.