ബ്രിസ്റ്റോൾ. ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമവും യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും നടത്തി. കേരളത്തിലെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയായി “പുതുയുഗ കേരളം” ക്യാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് കുമാർ, ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്ററിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ഐഒസി പ്രവർത്തകരും സമൂഹത്തിലെ പ്രമുഖരും പരിപാടിയിൽ പങ്കാളികളായി.

ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ പ്രസിഡന്റ് സാനു സാമുവൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ ജനറൽ സെക്രട്ടറി ടിജോ തോമസ് സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് കുമാർ പരിപാടി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിൽ ഐഒസി പോലുള്ള സംഘടനകളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ മുഖ്യാതിഥിയായി സംസാരിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും സമൂഹസേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ദിശാബോധം നൽകുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്ററിന്റെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി വിക്രം ദുഹാൻ എന്നിവരും ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. സുജു കെ. ഡാനിയേലിന്റെ നേതൃത്വത്തിൽ യുകെയിൽ കേരളീയർക്കിടയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കമൽ ദലിവാൾ പറഞ്ഞു. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി യുകെ മലയാളികൾക്ക് ശക്തമായ പിന്തുണ നൽകാൻ കഴിയുമെന്നും മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോകേണ്ടതുണ്ടെന്നും വിക്രം ദുഹാൻ അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിസ്റ്റോളിൽ ആരംഭിച്ച “പുതുയുഗ കേരളം” ക്യാമ്പയിൻ ഐഒസി യുകെയുടെ വിവിധ യൂണിറ്റുകളിലും ഉടൻ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യുഡിഎഫ് സ്ഥാനാർഥികളുടെ വികസന കാഴ്ചപ്പാടുകളും ജനാധിപത്യ മൂല്യങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.

ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ഷരീഫ് അബ്ദുള്ള, ഐഒസി യുകെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് എഫ്രേം സാം, ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ വൈസ് പ്രസിഡന്റ് സജി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

യോഗത്തിൽ സംസാരിച്ച നേതാക്കൾ കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടമാണെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയും സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർണായക പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യ ഭരണ സംവിധാനം എന്നീ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ വിശ്വാസം നേടിയ ഒരു പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യസുരക്ഷ, കർഷക ക്ഷേമം തുടങ്ങിയ മേഖലകളിൽ ജനകീയ നയങ്ങൾ നടപ്പാക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുവെന്നും അവർ പറഞ്ഞു.

കേരളത്തിന്റെ ഭാവി വികസനത്തിനായി യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, കർഷകർക്കും സാധാരണ ജനങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുക, സാമൂഹിക സൗഹൃദവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോൺഗ്രസ് മുന്നോട്ട് പോകുന്നുവെന്നും അതിനാൽ ജനങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന ശക്തികൾക്ക് പിന്തുണ നൽകണമെന്നും യോഗത്തിൽ ആഹ്വാനം ചെയ്തു. ഐഒസി യുകെ ബ്രിസ്റ്റോൾ ചാപ്റ്റർ ട്രഷറർ അലക്സ് എബ്രഹാം നന്ദി രേഖപ്പെടുത്തി. ബ്രിസ്റ്റോൾ മേഖലയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുകയും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുകയും ചെയ്ത പരിപാടിയായി പൊതുയോഗം മാറി.