തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ആവേശകരമായി പോളിംഗ് പുരോഗമിക്കുന്നു. ആദ്യ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ 34.30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 11.30 വരെ തിരുവനന്തപുരം (30.1%), കൊല്ലം, (31.7%), പത്തനംതിട്ട (29.6%), ആലപ്പുഴ (33.73%), കോട്ടയം (28.5%), ഇടുക്കി (27.8%), എറണാകുളം (33.2%), തൃശൂര്‍ (34.1), പാലക്കാട് (27.1%), മലപ്പുറം (31.4%), കോഴിക്കോട് (34.31%), വയനാട് (33.5%), കണ്ണൂര്‍ (27.1%), കാസര്‍ഗോഡ് (32.0%) എന്നിങ്ങനെ വോട്ടിംഗ് നില.

പുരുഷവോട്ടര്‍മാരില്‍ 30.96% പേരും സ്ത്രീകളില്‍ 25.95% പേരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 5.53% പേരും വോട്ട് രേഖപ്പെടുത്തി.

കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഇരട്ട വോട്ട് സംബന്ധിച്ച് ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തിരച്ചറിയല്‍ രേഖകളുടെ കര്‍ശന പരിശോധന പ്രിസൈഡിംഗ് ഓഫീസറും ഒന്നും രണ്ടും പോളിംഗ് ഓഫീസര്‍മാരും മുന്നണികളുടെ ബുത്ത് ഏജന്റുമാരും നടത്തിയതോടെ കള്ളവോട്ടിനുള്ള സാധ്യതകള്‍ അടഞ്ഞുവെന്നാണ് സൂചന.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖരെല്ലാം തന്നെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നാലര മണിക്കൂര്‍ പിന്നിടുമ്പോഴും ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലപ്പുഴ എസ്.എന്‍ പുരത്ത് എല്‍്ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ബൂത്തില്‍ സന്ദര്‍ശനത്തിന് എല്‍്ഡി.എഫ് അനുവദിച്ചില്ലെന്ന് പരാതി ഉണ്ട്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തുടക്കത്തില്‍ പണിമുടക്കിയത് പോളിംഗ് വൈകുന്നതിന് ഇടയാക്കി.

കണ്ണൂര്‍ തളിപ്പറമ്പില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ യൂ.ഡി.എഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചലഞ്ച് ചെയ്തതിനാണ് മര്‍ദ്ദനം. ബൂത്തിനുള്ളില്‍ വച്ചുത​​െ​ന്ന മര്‍ദ്ദിക്കുകയായിരുന്നു. 110 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് തിരിച്ചയച്ചു. സി.പി.എം പ്രവര്‍ത്തകനാണ് കള്ളവോട്ടിന് എത്തിയതെന്നും അറസ്റ്റു ചെയ്യണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ആവശ്യം നിരസിക്കുകയായിരുന്നു. ചെറുപ്പക്കാരനായ ആളുടെ വോട്ടര്‍ കാര്‍ഡുമായി എത്തിയത് പ്രായമുള്ള ആളായിരുന്നു. ചലഞ്ച് ചെയ്തതിനെ തുടര്‍ന്ന് മാസ്‌ക് മാറ്റിയപ്പോഴാണ് ആളുമാറിയതായി ബോധ്യപ്പെട്ടത്. പാനൂര്‍ മണ്ഡലത്തിലും തര്‍ക്കം.

ബാലുശേരി ബണ്ഡലത്തിലെ 86,87,88 നമ്പര്‍ ബൂത്തുകളില്‍ സന്ദര്‍ശനത്തിന് എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ എല്‍്ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്തില്‍ എത്തിയ തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന പറഞ്ഞുവന്ന രണ്ടു പേര്‍ ചീത്ത വിളിച്ചുവെന്നും പുറത്തേക്ക് വന്നതോടെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ധര്‍മ്മജന്‍ പറഞ്ഞു.

കഴക്കൂട്ടത്തും സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്ത് ഇട്ടതോടെയാണ് പ്രകോപനമുണ്ടായതെന്ന് ബി.ജെ.പി പറയുന്നു. കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്റെ ഫ്‌ളക്‌സ് നശിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ ബൂത്തില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി. അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.