തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം വൈക്കത്തെ വീട്ടുവളപ്പില്‍ നടന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന പി.ബാലചന്ദ്രന്‍ ഇന്നുരാവിലെയാണ് വൈക്കത്തെ വസതിയില്‍ അന്തരിച്ചത്. 70 വയസായിരുന്നു. നടൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ തുടങ്ങി ബഹുമുഖ മേഖലകളിൽ തിളങ്ങിയ പ്രതിഭയാണ്.

സുഹൃത്തുക്കള്‍ സ്നേഹത്തോടെ ‘ബാലേട്ടൻ എന്നു വിളിക്കുന്ന പി.ബാലചന്ദ്രന്‍ മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച് കുറച്ചുകാലം ഗസ്‌റ്റ് ലക്‌ചററുമായ ബാലചന്ദ്രന്‍ പിന്നീട് കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, കമ്മട്ടിപ്പാടം, പൊലീസ്, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതി. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഇവൻ മേഘരൂപന്റെ സംവിധായകനായി. ചെറിയ വേഷങ്ങളിലൂടെ എത്തിപിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി. ‘ട്രിവാൻഡ്രം ലോഡ്ജിലെ’ വേഷം ബാലചന്ദ്രനെ ന്യൂജനറേഷൻ സിനിമയിലെയും സ്ഥിര സാന്നിധ്യമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഹൻലാൽ അരങ്ങിലെത്തിച്ച കഥയാട്ടത്തിന് രംഗഭാഷ്യമൊരുക്കിയത് പി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ്. പാവം ഉസ്മാൻ, മകുടി, ചെണ്ട, കല്യാണസൗഗന്ധികം, മാറാമറയാട്ടം, തിയറ്റർ തെറപ്പി തുടങ്ങിയ നാടകങ്ങൾ ശ്രദ്ധ നേടി. നാടകകൃതികളുടെ സമാഹാരമായ ‘പാവം ഉസ്മാൻ’ 1989ലെ സാഹിത്യ അക്കാദമി പുരസ്കാരം നേടി. മസ്തിഷ്ക ജ്വരം ബാധിച്ച് കുറെനാളായിചികിത്സയിലായിരുന്നു. കൊല്ലം ശാസ്താംകോട്ട പുത്തൻപുരയിൽ പത്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും മകനാണ്. വൈക്കം നഗരസഭാ മുൻ അധ്യക്ഷ ശ്രീലതയാണ് ഭാര്യ.