ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രൻ നിയമിതനായതോടെ പുതിയ ഉണർവുണ്ടാകുമെന്നാണ് സാധാരണ പാർട്ടിക്കാർ വിശ്വസിച്ചിരുന്നത്. പക്ഷേ അതിനു വിപരീതമായ സംഭവങ്ങളാണ് ഇപ്പോൾ ബിജെപിയിൽ അരങ്ങേറുന്നത്. പുതിയ സംസ്ഥാന അധ്യക്ഷനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഗ്രൂപ്പ് മാനേജർമാർ നടത്തുന്ന നീക്കങ്ങൾ സുരേന്ദ്രനെ ശരിക്കും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
സുരേന്ദ്രന്റെ കീഴിൽ പദവികൾ ഏറ്റെടുക്കാനില്ലെന്ന് ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ നിലപാട് സംസ്ഥാന ബിജെപിയിലെ ചേരിപ്പോരിന്റെ ആഴം കൂട്ടുന്നു. പി.കെ.കൃഷ്ണദാസ് പക്ഷത്തിലെ പ്രമുഖ നേതാവായ രാധാകൃഷ്ണൻ ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷുമായുള്ള ചർച്ചയിലും തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ സംഘടനയിൽ വലിയ പ്രതിസന്ധി തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ സുരേന്ദ്രന് പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പിന്റെ സ്വരമാണ് കേൾക്കേണ്ടി വന്നത്. അധ്യക്ഷനായി ചുമതലയേറ്റ ദിവസം പ്രമുഖ നേതാക്കളുടെ അഭാവം ഏറെ ചർച്ചയായി. പാർട്ടിയുടെ ജില്ലാ ഘടകങ്ങളിൽ നിന്ന് എതിർപ്പുകളും വന്നുതുടങ്ങി.
തിരുവനന്തപുരം ജില്ലയിൽ നിന്നായിരുന്നു ആദ്യ പൊട്ടിത്തെറി. യുവമോർച്ച സംസ്ഥാന സമിതി അംഗം കൂടിയായ എസ്.മഹേഷ്കുമാർ രാജിവച്ചതോടെ ജില്ലയിലെ പാർട്ടി ഘടകത്തിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നു. സുരേന്ദ്രൻ അധ്യക്ഷനായതിനു പിന്നാലെ മണ്ഡലം തലത്തിൽ നടത്തിയ അഴിച്ചുപണികളിൽ പ്രതിഷേധിച്ചായിരുന്നു രാജി. നാലു മണ്ഡലങ്ങളിൽ പുതുതായി നിയമിച്ച പ്രസിഡന്റുമാരെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകായിരുന്നു. പാർട്ടിക്ക് ഏറെ വേരുകളുള്ള കാസർഗോഡ് ജില്ലയിലും പൊട്ടിത്തറിയുണ്ടായി. ജില്ലയിലെ പ്രമുഖ നേതാവും സംസ്ഥാന സമിതിയംഗവുമായ രവീശതന്ത്രി കുണ്ടാർ രാജിവച്ചു. കാസർഗോഡ് ജില്ലാ പ്രസിഡന്റായി കെ.ശ്രീകുമാറിനെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാൻ പോകുകയാണെന്നും കുണ്ടാർ പറഞ്ഞിരുന്നു.
ഏറ്റവുമൊടുവിൽ മുതിർന്ന നേതാവ് എ.എൻ. രാധാകൃഷ്ണന്റെ നിസഹകരണവും സുരേന്ദ്രന് തിരിച്ചടിയായിരിക്കുകയാണ്. കെ.സുരേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ജനറൽസെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെയാണെന്നാണ് പ്രമുഖ നേതാക്കൾ പരാതിപ്പെടുന്നത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുരേന്ദ്രന് ഏറെ പ്രയത്നിക്കേണ്ടി വരും.
Leave a Reply