വിജയാഘോഷം തുടങ്ങിയ ബ്ളാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. ഇനിയും വിശ്വസിക്കാനാകാെത ബ്ളാസ്റ്റേഴ്സ് താരങ്ങളും ആരാധകരും.കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം നേടിയ ബ്ളാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. 24ാം മിനിറ്റിൽ സെയ്‌മിലൻ ദുംഗലിന്റെ ബുദ്ധിപൂർവമായ പാസ് സ്വീകരിച്ച് കൃത്യമായി നർസാരി മുംബൈയുടെ വലകുലുക്കി.
മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ ഒരു സുവർണാവസരം പാഴാക്കിയതിനു ശേഷമായിരുന്നു ദുംഗലിന്റെ പാസിൽനിന്നുള്ള നർസാരിയുടെ ഗോൾ. അനാവശ്യമായി വാങ്ങിയ രണ്ടു മഞ്ഞക്കാർഡുകൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. നിക്കോള ക്രമാരവിച്ച്, മതായ് പോപ്ലാട്നിക് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് കണ്ടത്.
രണ്ടാം പകുതിയിൽ മതേയ് പൊപ്ളാട്നിക്കിനെ പിൻവലിച്ച് കറേജ് പെക്കൂസണനെ ഇറക്കി കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം. പെക്കൂസന്റെ അതിവേഗ നീക്കങ്ങൾ പലപ്പോഴും മുംബൈയ്ക്കു തലവേദന സൃഷ്ടിച്ചു. ഗോൾ മടക്കാൻ മുംബൈ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോളിയും പ്രതിരോധനിരയും തീർത്ത മതിൽ മറികടക്കാൻ സാധിച്ചില്ല. ദൗർഭാഗ്യം കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.
ഗോളെന്നുറച്ച പല ഷോട്ടുകളും പോസ്റ്റിനു പുറത്തു കൂടി പാഞ്ഞു. ഇതിനിടെ ദുംഗലിനു പകരക്കാരനായി സി.കെ. വിനീത് കളത്തിലെത്തിയതോടെ കാണികളുടെ ആവേശംഇരട്ടിച്ചു. ലീഡ് വർധിപ്പിക്കാൻ ബ്ളാസ്റ്റേഴ്സും പരമാവധി ശ്രമിച്ചു. ഒടുവിൽ മുംബൈയുടെ കഠിനാധ്വാനത്തിനു ഫലം കണ്ടു. ഇൻജുറി ടൈമിൽ ബൂമിജിന്റെ ലോങ് റേഞ്ചർ ബ്ളാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞിറങ്ങി (1-1)
Leave a Reply