പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‍ച ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ധനയാണ് പദ്ധതി വിഹിതത്തില്‍ ഉള്ളത്. ഇതൊടൊപ്പം കേന്ദ്ര സഹായം കൂടി ചേരുമ്പോൾ 34538.95 കോടി രൂപയാകും സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി.
പദ്ധതി വിഹിതത്തില്‍ 6227.5 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.23 ശതമാനത്തിന്‍റെ വര്‍ധനയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തുകയില്‍ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5500 കോടി രൂപയായിരുന്നു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയത്.










