വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടരയോടെ ആദ്യഫല സൂചന അറിയുന്ന തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അമിത ആത്മവിശ്വാസമില്ലാതെ ഫലത്തിനായി കാത്തിരിക്കുന്ന മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്ത് ആദ്യമായി ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച് നടന്ന ഉപതിരഞ്ഞെടുപ്പ്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ കുതിക്കാനൊരുങ്ങിയ യു.ഡി.എഫ്. പാലാ നല്‍കിയ ആത്മവിശ്വാസത്തില്‍ തിരിച്ചുവരവിനൊരുങ്ങിയ എല്‍.ഡി.എഫ്. മൂന്ന് മണ്ഡലങ്ങളിലെങ്കിലും ത്രികോണ മല്‍സരപ്രതീതി സൃഷ്ടിച്ച് എന്‍.ഡി.എ. ഉപതിരഞ്ഞെടുപ്പെങ്കിലും പൊതുതിരഞ്ഞെടുപ്പിന് സമാനമായ പോരാട്ടവീര്യവും വാശീയും തീര്‍ത്തായിരുന്നു പ്രചാരണം. ആ പോരാട്ടത്തിന്റെ വിജയികളെ അറിയാന്‍ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. രാവിലെ എട്ടരയോടെ ആദ്യലീഡ് അറിയാം.
ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. അങ്ങിനെ ഉച്ചയ്ക്ക് മുന്‍പ് ഫലപ്രഖ്യാപനം. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണങ്ങള്‍ തുടരുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയുമുണ്ട്. പലമണ്ഡലങ്ങളിലും എണ്ണിയാല്‍ മാത്രമേ എന്തെങ്കിലും പറയാനാവു എന്ന തരത്തിലാണ് മുന്നണികളുടെ യഥാര്‍ത്ഥ അവലോകനമെന്നതിനാല്‍ നാളത്തെ ദിനം വിധിദിനം തന്നെയാണ്.
Leave a Reply