ജോജി തോമസ്
കേരള രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ് . കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഫ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നു. രാഷ്ട്രീയ നാടകങ്ങൾക്കവസാനം യുഡിഎഫിലേക്ക് തന്നെയോ അതുമല്ലെങ്കിൽ നേരത്തെ കെ.എം.മാണി ഉന്നം വച്ചിരുന്ന എൽഡിഎഫ് എന്നീ സാധ്യതകൾക്കും അപ്പുറം ബിജെപി മുന്നണിയിലേക്ക് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ചേക്കേറുവാൻ അണിയറയിൽ ചരടുവലികൾ നടക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന സഭ നേതൃത്വങ്ങളുടെ നിലപാടും ഈ അവസരത്തിൽ നിർണായകമാണ്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായാൽ രാജ്യസഭാംഗമായ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദവി എന്ന മോഹന വാഗ്ദാനം ആണ് മുന്നിലുള്ളത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇപ്പോൾ ഉള്ളതിനേക്കാൾ നില മെച്ചപ്പെടുത്തുകയും ആവാം. ഇതിനിടയിൽ ജോസ് പക്ഷവും യുഡിഎഫ് നേതൃത്വവുമായുള്ള അകൽച്ച കുറച്ച് യുഡിഎഫിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. സാധാരണ യുഡിഎഫിൽ കക്ഷികൾ മുന്നണി വിട്ടു പുറത്തു പോവുകയാണ് പതിവ് . പക്ഷേ ഇതിന് വിപരീതമായി യുഡിഎഫ് നേതൃത്വം ഒരു കക്ഷിയെ പുറത്താക്കുന്നത് അടുത്തെങ്ങും ഉണ്ടായിട്ടില്ലാത്ത നടപടിയാണ്.
ജോസ് പക്ഷത്തെ ഭൂരിപക്ഷവും എൽഡിഎഫ് ആണ് ലക്ഷ്യം വയ്ക്കുന്നത് പക്ഷേ കെഎം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് ശ്രമിച്ച അവസരത്തിലേതുപോലെ ഇപ്പോഴും തടസ്സം നിൽക്കുന്നത് സിപിഐ ആണ്. ആതിരപ്പള്ളി ഉൾപ്പെടെ പല കാര്യങ്ങളിലും സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ യെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത് .
ഏതായാലും വരുംദിവസങ്ങളിൽ കേരള മുന്നണി രാഷ്ട്രീയത്തിൽ കാതലായ ചലനങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Leave a Reply