കോട്ടയം:കേരളം രാഷ്ട്രീയത്തിൽ ഒരിക്കലും സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി വളഞ്ഞ വഴി സ്വീകരിച്ചിട്ടില്ലാത്ത, തികച്ചും സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനു ഉടമയെന്നു എതിരാളികൾ പോലും സമ്മതിക്കുന്ന വ്യക്തിയാണ് പി ജെ ജോസഫ്. ഇദ്ദേഹത്തിന്‍റെ ഈ രാഷ്ട്രീയ ഔന്നധ്യം തന്നെയാണ് ഈ ഉപജാപക വൃന്ദം പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയിൽ അകാരണമായ ഭീതി ജനിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്. പൊതുസമൂഹത്തിലുള്ള ജോസഫിന്റെ സ്വീകാര്യതയും ഇക്കൂട്ടർ ജോസ് കെ മാണിയെ ഭീതിയിൽ ആഴ്ത്താൻ ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അത്യന്തം പ്രകോപനം നിറഞ്ഞ വ്യാജ വാർത്തകളും കുറിപ്പുകളും ഇത്തരം ഹിഡൻ അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിലൂടെ പാർട്ടി പ്രവർത്തകരെ തമ്മിൽ തല്ലിച്ചു പാർട്ടിയെ കൈപ്പിടിയിൽ ആക്കാമെന്നാണ് ഈ എം എൽ എ ധരിക്കുന്നത്
കേരളാ കോൺഗ്രസ്(എം) എന്ന രാഷ്ട്രീയ കക്ഷി പിളർന്നില്ലെങ്കിൽ തന്റെ എക്കാലത്തെയും മോഹമായ മന്ത്രി പദവി ലഭിക്കില്ലെന്ന തിരിച്ചറിവിൽ മാണിഗ്രൂപ്പിലെ ഒരു യുവ എം എൽ എ യുടെ നേതൃത്വത്തിൽ പാർട്ടി പിളർത്തുവാനുള്ള നീക്കത്തിന് വേഗതയേറി. പാലാ ഉപതെരഞ്ഞെടുപ്പിന് മുൻപ് പിളർപ്പ് നടന്നാൽ നിഷാ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയെന്ന ഹിഡൻ അജണ്ടയും ഈ എം എൽ എ യ്ക്കുണ്ട്.
കെ എം മാണിയുടെ നിര്യാണത്തോടെ പാർട്ടിയിൽ വരുത്തേണ്ട നേതൃത്വ കൈമാറ്റം സമവായത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ഈ യുവ എം എൽ എ. മനസ്സിലാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ എക്കാലവും സമൂഹ മാധ്യമങ്ങളിലൂടെ പുലഭ്യം പറയുന്ന സോഷ്യൽ മീഡിയാ കോർഡിനേറ്റർ എന്ന സ്വയം പ്രഖ്യാപിത പദവി വഹിക്കുന്ന ഇടവെട്ടി സ്വദേശിയെയാണ് ഇപ്പോൾ ജോസഫ് വിഭാഗം നേതാക്കളെ ആക്ഷേപിക്കുന്നതിനും, പാർട്ടി പിളർത്തുന്നതിനും ഇദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്.
കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് അനുസ്മരണം നടത്താതെ പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് വിദേശത്ത് കറങ്ങുന്നു എന്ന ആരോപണമാണ് നവ മാധ്യമങ്ങളിലൂടെ ഈ സ്വയം പ്രഖ്യാപിത മീഡിയ കോർഡിനേറ്റർ നടത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരിൽ പി ജെ ജോസഫ് വിഭാഗത്തെ കുറിച്ച് അപമതിപ്പുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ നീക്കത്തിനുള്ളൂ.കെ എം മാണി എന്നും പാർട്ടി പ്രവർത്തകർക്ക് ഒരു ജ്വലിക്കുന്ന വികാരമാണെന്നു അറിയാവുന്ന ഈ എം എൽ എ ആ വികാരത്തെ പരമാവധി ഊതി കത്തിച്ച് തന്റെ ഹിഡൻ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കാനുള്ള ശ്രമവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് തൊടുപുഴയിൽ അനുസ്മരണ ചടങ്ങ് നടത്തിയ പി ജെ ജോസഫ്, സംസ്ഥാന നേതാക്കൾ പങ്കെടുത്തുള്ള അനുസ്മരണത്തിനായി പല തവണ ശ്രമിച്ചു. എന്നാല്‍ ഒഴിവുകഴിവുകൾ പറഞ്ഞു മാണി വിഭാഗം തന്നെ അനുസ്മരണം മാറ്റിവയ്ക്കുകയാണുണ്ടായത്.
പാർട്ടിയിലെ സീനിയോറിറ്റി അനുസരിച്ചു മന്ത്രി സ്ഥാനത്തിനുള്ള യോഗ്യത ഇപ്പോൾ സി എഫ് തോമസിനും.,പി ജെ ജോസെഫിനുമാണ്. അവർക്കു എന്തെങ്കിലും തടസ്സം വന്നാൽ പോലും അത് ജോസ് കെ മാണിക്കും ,ജോസഫ് ഗ്രൂപ്പിൽ നിന്നും സീനിയറായ മോൻസ് ജോസെഫിനുമേ അനുവദനീയമാകുകയുള്ളൂ. അപ്പോഴും യുവ എം എൽ എ പുറത്തു തന്നെയാവും നിൽപ്പ്. ഈ തിരിച്ചറിവിൽ നിന്നാണ് മേൽപ്പടി എം എൽ എ തന്റെ തന്ത്രങ്ങൾ സമർത്ഥമായി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫ് കോട്ടയത്ത് സ്ഥാനാര്ഥിയാകാനായി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിനെ പ്രാദേശിക വാദം ഉയർത്തി സമർത്ഥമായി വെട്ടിയതിന്റെ പിന്നിൽ ഈ എം എൽ എ യ്ക്ക് നിർണ്ണായക പങ്കാണ് ഉള്ളത്. കോട്ടയം പാർലമെന്റ് സീറ്റിലേക്ക് ജോസ് കെ മാണിയുടെ മനസ്സിൽ മുൻ കടുത്തുരുത്തി എം എൽ എ സ്റ്റീഫൻ ജോർജാണ് ഉണ്ടായിരുന്നതെങ്കിലും, തന്റെ കോട്ടയം ജില്ലയിലെ സ്വാധീനം പരമാവധി ഉപയോഗിച്ച് സമ്മർദ തന്ത്രത്തിലൂടെയാണ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ ജോസ് കെ മാണിക്ക് കടുത്ത നീരസവുമുണ്ട്.
അപ്പന്‍റെ നാലിലൊന്നു കഴിവ് ജോമോനില്ലെന്ന് പല സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ള ഈ എം എൽ എ മാണിസാറിന്റെ അഭാവത്തിൽ തന്ത്ര പൂർവം പാർട്ടി പിടിച്ചടക്കാനുള്ള കരുക്കൾ നീക്കികൊണ്ടിരിക്കയാണ്. ആസന്നമായ പാലാ ഉപ തെരെഞ്ഞെടുപ്പിന് മുൻപ് ജോസഫ് ഗ്രൂപ്പിനെ പാർട്ടിക്ക് പുറത്താക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പാലാക്കാർക്ക് നിഷാ ജോസ് കെ മാണിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു എല്ലാ മുക്കിലും മൂലയിലും വരെ ഓടിയെത്തിയിരുന്ന പ്രകൃതമാണ് നിഷയ്ക്കുള്ളത്. എന്നാൽ സന്നിദ്ധ ഘട്ടമായ ഈ സമയത്ത് ഒരു പിളർപ്പ് നടന്നാൽ നിഷയെ തോൽപ്പിക്കുകയും, പാർട്ടിയെ നിലയില്ലാ കയങ്ങളിൽ ആഴ്ത്തുകയും, അതോടൊപ്പം തന്റെ എക്കാലത്തെയും മോഹമായ മന്ത്രി സ്ഥാനം നേടുകയുമാവാമെന്നാണ് ഇദ്ദേഹം ധരിച്ചു വശായിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ എം മാണിക്ക് പാലായിൽ ലഭിച്ച ഭൂരിപക്ഷം 4703 വോട്ട് മാത്രമാണ്. പി സി ജോർജിന് നിർണ്ണായക സ്വാധീനമുള്ള എലിക്കുളം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകൾ മണ്ഡല പുനർ നിര്ണയത്തിലൂടെ പുതിയ പാലാ മണ്ഡലത്തിലാണിപ്പോൾ. ഈ മണ്ഡലങ്ങളിൽ ജോർജ് ഉയർത്തിയ പ്രതിരോധം ജോസഫിനെ മുൻനിർത്തിയാണ് മാണി അതിജീവിച്ചത്. പാലാ നിയോജക മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മറ്റാരേക്കാളും കൂടുതൽ അറിയാവുന്ന ഈ എം എൽ എ ജോസഫ് ഗ്രൂപ്പിനെ പിണക്കി മാറ്റുന്നതിലൂടെ നിഷ ജോസ് കെ മാണിയുടെ തോൽവി സുനിശ്ചിതമാക്കാമെന്ന് ആഗ്രഹിക്കുന്നു. അതിലൂടെ തന്നെക്കാൾ തലയെടുപ്പുള്ള ഒരു നേതാവ് നിയമസഭയിൽ എത്തിയാൽ തനിക്കുണ്ടാവുന്ന ഭീഷണിക്കാണ് യുവ നേതാവ് തടയിടുന്നത്.
പർലമെൻറ് സീറ്റിന്റെ കാര്യത്തിൽ കോട്ടയം, കോട്ടയം കാർക്ക് എന്ന മാനദണ്ഡം കൊണ്ടുവന്ന ഈ എം എൽ എ യ്ക്ക് ആ മാനദണ്ഡം തന്നെ വിനയായി തീരുകയാണിപ്പോൾ. കഴിവും, മിഴിവും മിടുക്കും തെളിയിച്ചിട്ടുള്ള യുവജന നേതാക്കൾ ഉള്ളപ്പോൾ അവരുടെയൊക്കെ തലയ്ക്കു മീതെയാണ് ഇദ്ദേഹത്തെ പ്രതിഷ്ഠിച്ചത്. ഇനി അതേ മണ്ഡലത്തിൽ നിന്നുള്ള ആൾ തന്നെ മതിയെന്ന മുദ്രാവാക്യം ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കൂടുതൽ കൗശലക്കാരനായ ഈ എം എൽ എ യുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ ജോസ് കെ മാണി അതിനു തടയിടാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പാർട്ടി വെട്ടിപ്പിടിക്കാൻ ഒരുങ്ങുന്ന ഈ യുവ എം എൽ എ ക്കു സ്വന്തം ആത്മാവ് തന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.
Leave a Reply