കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്ഗ്രസ് -എം നേതാവ് ജോസ് കെ. മാണി എംപി. ചരൽക്കുന്ന് ക്യാന്പ് സെന്ററിൽ കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അതു മരവിപ്പിച്ചിരിക്കുന്നത്. 20ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകുന്നതിലും വിലക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആര് ചിഹ്നം നൽകുന്നുവോ അവർ തന്നെ വിപ്പ് നൽകണമെന്നതാണ് പാർട്ടിയുടെ ആവശ്യം. ജില്ലാ പ്രസിഡന്റുമാർക്ക് ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കപ്പെടണമെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കാനാകില്ല. പാർട്ടി മത്സരിച്ചിരുന്ന പുനലൂർ മണ്ഡലം വിട്ടുനൽകിയതിനേ തുടർന്നു ലഭിച്ചതാണ് കുട്ടനാട്.
കേരളത്തിന്റെ കാർഷിക മേഖല ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ അവരുടെ പ്രശ്നങ്ങൾക്കു നേരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ണടയ്ക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് കേരള കോണ്ഗ്രസ് -എം ആവശ്യപ്പെടുന്നു. പ്രത്യേക കാർഷിക കമ്മീഷൻ രൂപീകരിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുകയും വേണം. കർഷകർക്ക് ആഭിമുഖ്യം ഉള്ള ഭരണമാണ് രാജ്യത്തുണ്ടാകേണ്ടതുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, മുൻ എംഎൽഎ മാരായ ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, എലിസബത്ത് മാമ്മൻ മത്തായി, പി. എം. മാത്യു, ജനറൽ സെക്രട്ടറിമാരായ പി.ടി. ജോസ്, സ്റ്റീഫൻ ജോർജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply