ന്യൂസ് ഡെസ്ക്
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ.എം മാണിയുടെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച കാര്യത്തിൽ ജനാധിപത്യ രീതിയിലുള്ള തീരുമാനം ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കള്‍. താത്കാലിക ചെയർമാൻ സ്ഥാനം ഇപ്പോൾ പി.ജെ ജോസഫാണ് വഹിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പുതിയ പാർട്ടി ചെയർമാനെ തീരുമാനിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. അതു തന്നെയാണ് പാർട്ടിയുടെ ഭരണഘടനയും പറയുന്നത്. ആരായിരിക്കണം അടുത്ത ചെയർമാൻ എന്നതുമായി ബന്ധപ്പെട്ട ഉയർന്നു വരുന്ന അഭിപ്രായ ഭിന്നതയിൽ കേരളാ കോൺഗ്രസ് അണികൾ ദുഃഖിതരാണ്.
പൊടുന്നനെയുണ്ടായ കെ.എം മാണിയുടെ വിയോഗത്തോടെ പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ മുതിർന്ന പാർട്ടി നേതാവ് രഹസ്യ നീക്കം നടത്തിയതായാണ് അണികൾ കരുതുന്നത്. കെ എം മാണി അനുസ്മരണത്തിന്റെ മറവിൽ പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി ഈ നേതാവിന്റെ മറവിൽ ഒരു പാർട്ടി എം.എൽ.എ ചരടുവലിച്ചതായി പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. മുതിർന്ന നേതാവിനെ മുന്നിൽ നിറുത്തി, പാർട്ടിയുടെ മുൻ എംഎൽഎയും രാജ്യസഭാ എം പിയുമായിരുന്ന പാർട്ടി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയെ സ്വന്തം പാളയത്തിലെത്തിച്ച് നെറികെട്ട രാഷ്ട്രീയക്കളി നടത്തിയത് അപലപനീയമാണെന്ന് കെ.എം മാണി എന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന യഥാർത്ഥ കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
നിലവിൽ വൈസ് ചെയർമാനായ ജോസ് കെ മാണി എം.പിയെയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു യുവ എംഎൽഎയെയും തമ്മിൽ തെറ്റിക്കാൻ, അഭ്യൂഹങ്ങൾ പരത്തുന്ന വിധത്തിലുള്ള വാർത്ത പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് വിവിധ ന്യൂസുകൾക്ക് പ്രസിദ്ധീകരിക്കാൻ എത്തിച്ചു നല്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെ എം മാണിയുടെ മരണത്തെത്തുടർന്ന് മകൻ ജോസ് കെ മാണി പ്രവർത്തന രംഗത്ത് അത്ര സജീവമല്ല എന്നറിഞ്ഞു കൊണ്ട് കിട്ടിയ അവസരത്തിൽ കുത്സിത മാർഗ്ഗത്തിലൂടെ പാർട്ടി പിടിക്കാൻ ശ്രമം നടത്തിയവർക്ക് എതിരെ യുഡിഎഫ് നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാവായ പി ജെ ജോസഫിന് ചെയർമാൻ സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പേരുപയോഗിച്ച് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഉപജാപക വൃന്ദം, അദ്ദേഹത്തിന്റെ നേതൃ സാധ്യതകൾ ഇല്ലാതാക്കിയിരിക്കുന്ന നിലയിലാണ്. പാർട്ടി നേതാക്കളെ സ്വാധീനിക്കാനും മറുപക്ഷത്ത് എത്തിക്കാനും നടത്തിയ നീക്കങ്ങൾ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജോസ് കെ മാണി എം.പിയാണ്. കോട്ടയം എംപിയായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തത് ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ്.
പാർട്ടി പ്രതിസസികളിലൂടെ കടന്നു പോയപ്പോളൊക്കെ മുതലെടുപ്പിന് ശ്രമിച്ച ഒരു നേതാവിനും പാർട്ടിയെ തീറെഴുതി നല്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പി. ജെ ജോസഫ് ചെയര്‍മാന്‍, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നതാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പുതിയ ഉപാധി. എന്നാല്‍ ആര് ആകുന്നതിനോടും വിയോജിപ്പില്ല, പക്ഷെ, അത് പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താകണം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കും എന്ന് മാണി വിഭാഗം പറയുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല എന്ന തീരുമാനവുമായി ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതിനോട് യോജിക്കാന്‍ യു ഡി എഫിലെ മറ്റ് ഘടകകക്ഷികളും തയാറല്ല. കേരളാ കോണ്‍ഗ്രസ് എം എന്നത് കെ എം മാണിയുടെ പാര്‍ട്ടിയാണെന്നും മാണിയെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ആ പാര്‍ട്ടിയില്‍ ഉള്ളതെന്നുമാണ് യു ഡി എഫ് നേതാക്കളുടെ നിലപാട്.
ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. പാര്‍ട്ടിയിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് യു ഡി എഫ് നേതാക്കളോട് ജോസഫ് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. എ കെ ആന്റണിയുടെ നിലപാടും ജോസഫിന് അനുകൂലമല്ല. അതിനാല്‍ തന്നെ സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി പി ജെ ജോസഫ് തന്റെ ആഗ്രഹം വ്യക്തമാക്കട്ടെയെന്നും അവര്‍ തീരുമാനം എടുക്കട്ടെയെന്നുമാണ് നേതാക്കള്‍ പറയുന്നത്. 450 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവരെ നോക്കുകുത്തിയാക്കി 7 പേരുടെ പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ജോസഫ് പറയുന്നത് യു ഡി എഫിലെ നേതാക്കളും തള്ളിക്കളയുന്നു.
Leave a Reply