കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം.
തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണി നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ഈ അധ്യാപികയുടെ ഭര്‍ത്താവ് കെ.എസ്.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.
എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ് സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പേര് ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.
Leave a Reply