കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്ത ജോസ് കെ.മാണിയെ അംഗീകരിക്കില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ജോസ് കെ.മാണി വിഭാഗം പിളര്‍ന്നു കഴിഞ്ഞു എന്ന് ജോസഫ് പറഞ്ഞു. സംസ്ഥാന ചെയര്‍മാനെ തിരഞ്ഞെടുത്തത് അംഗീകരിക്കില്ല. പത്ത് ദിവസത്തെ നോട്ടീസ് കൂടാതെയാണ് സംസ്ഥാന കമ്മിറ്റി വിളിച്ചത്. ഭരണഘടനയ്ക്ക് അനുസരിച്ചല്ല യോഗം ചേര്‍ന്നിരിക്കുന്നത്. റിട്ടേണിങ് ഓഫീസറും ഇല്ല. കേരളാ കോണ്‍ഗ്രസിന് ഒരു പാര്‍ട്ടി ഭരണഘടനയുണ്ട്. അതനുസരിച്ച് നടക്കാത്ത യോഗം വെറും ആള്‍ക്കൂട്ട യോഗം മാത്രമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു.

ആള്‍ക്കൂട്ടം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനായ താനാണ് തീരുമാനിക്കേണ്ടത്. ആള്‍ക്കൂട്ടം ചേര്‍ന്ന് തിരഞ്ഞെടുത്ത ചെയര്‍മാനെ അംഗീകരിക്കാന്‍ സാധിക്കില്ല. യോഗത്തില്‍ പങ്കെടുത്തവര്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരും. എവിടെയെങ്കിലും കുറച്ച് ആളെ കൂട്ടി പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുത്ത ചരിത്രമുണ്ടോ എന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും തങ്ങള്‍ക്കരികിലേക്ക് തിരിച്ചുവരുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

പോഷക സംഘടനകളിലെ ഭാരവാഹികളൊന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ അധികാരം തന്നിലാണ്. അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കും. പിളര്‍പ്പ് യോഗം വിളിച്ചവര്‍ പിളര്‍ന്നു പോയി കഴിഞ്ഞു എന്നും മറ്റ് കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാമെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തിൽ സി.എഫ്.തോമസ് പങ്കെടുത്തില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയർമാനെ തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്തു. ഭരണഘടന അനുസരിച്ച് ജോസ് കെ.മാണി വിളിച്ച സംസ്ഥാന യോഗത്തെ അംഗീകരിക്കാനാവില്ലെന്നാണ് പി.ജെ.ജോസഫ് സ്വീകരിച്ച നിലപാട്. സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നവർക്കെതിരെയും പി.ജെ.ജോസഫ് വിമർശനമുന്നയിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ജോസ് കെ.മാണിയെ ചെയർമാനായി അംഗീകരിക്കുകയായിരുന്നു.

മുന്നോട്ടുള്ള യാത്രയിൽ കെ.എം.മാണിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് ജോസ്.കെ.മാണി. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ നേതാക്കൾക്കും ജോസ് കെ.മാണി നന്ദി പറഞ്ഞു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാർട്ടിയെ നയിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.

മുതിർന്ന നേതാവ് സി.എഫ്.തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനായിരുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ്.തോമസ് ചെയർമാനാകുമ്പോൾ ജോസഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും കക്ഷി നേതാവും ആകും. നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ് കെ.മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ജോസ് കെ.മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസഫ് ഇത് അവഗണിച്ചതോടെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു.