കോട്ടയം: പിജെ ജോസഫിനെ കക്ഷിനേതാവായും ജോസ് കെ. മാണിയെ വർക്കിംഗ് ചെയർമാനും നിയമിക്കണമെന്ന നിർദേശം ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. അതേസമയം സിഎഫ് തോമസിനെ ചെയർമാനാക്കണമെന്ന നിർദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല.
കെഎം മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞതോടെ പാർട്ടിയിലെ സ്ഥാനങ്ങൾക്കായി കേരള കോൺഗ്രസിലെ ഇരു വിഭാഗവും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ് നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കണം.
25ന് മുൻപ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയർമാൻ സ്ഥാനം വേണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ നിയമസഭാകക്ഷിനേതൃ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല. ഇതിനായി വർക്കിംഗ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കാനും ജോസഫ് തയ്യാറാണ്.
വൈസ് ചെയർമാൻ ട്രഷർ സ്ഥാനങ്ങൾ മാണി വിഭാഗത്തിന് തന്നെയായിരിക്കും. എന്നാൽ ചെയർമാൻ സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചക്കും മാണി വിഭാഗം തയ്യാറല്ല. സി എഫ് തോമസ് കുറേനാളായി മാണിവിഭാഗത്തോട് അകലം പാലിക്കുന്ന നേതാവാണ്.
ഇതും ജോസഫിന്റ നിർദ്ദേശത്തെ എതിർക്കാൻ കാരണമായി മാണി വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർലമെന്ററി പാർട്ടി നേതാവിനെ ഉടൻ തീരുമാനിച്ച ശേഷം ചെയർമാനെ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കാമെന്ന നിർദ്ദേശമാണ് മാണി വിഭാഗത്തിന്റേത്.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ നിലപാട്. തർക്കങ്ങളെക്കുറിച്ച് ഇതുവരെ പരസ്യഅഭിപ്രായപ്രകടനം നടത്താതിരുന്ന ജോസ് കെ മാണി ഇനി ശക്തമായി രംഗത്തവരുമെന്നാണ് സൂചന.
Leave a Reply