പാലാ ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ അരങ്ങേറിയതു നാടകീയ നീക്കങ്ങൾ. കേരള കോൺഗ്രസിലെ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി മണിക്കൂറുകൾ പോരാടിയപ്പോൾ അണികളും വീർപ്പുമുട്ടി. ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർഥിയല്ലെന്നും അദ്ദേഹത്തിെൻറ പത്രികയിൽ ഒപ്പിട്ടവർ പാർട്ടി ഭാരവാഹികൾ അല്ലെന്നുമായിരുന്നു ജോസഫ് വിഭാഗത്തിെൻറ പ്രധാന വാദം.
പാർട്ടി വർക്കിങ് ചെയർമാൻ എന്ന നിലയിൽ പി.ജെ. ജോസഫാണ് ചിഹ്നം നൽകേണ്ടതെന്നും പാര്‍ട്ടിയുടെ യഥാര്‍ഥ സീല്‍ ഉപയോഗിച്ച് ഒരു സ്ഥാനാര്‍ഥിക്കും ചിഹ്നം നല്‍കിയിട്ടിെല്ലന്നും അഭിഭാഷകൻ മുഖേന അവർ തർക്കം ഉന്നയിച്ചു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റീഫന്‍ ജോര്‍ജ് നേരേത്ത പി.ജെ. ജോസഫിനു നല്കിയ കത്തിെൻറ പകര്‍പ്പും ഹാജരാക്കി. ജോസഫിെൻറ നേതൃത്വം അംഗീകരിക്കുന്നതിനു തുല്യമാണ് കത്തെന്നായിരുന്നു വാദം. തർക്കം മുറുകിയതോടെ മറ്റു സ്ഥാനാർഥികൾ ഇടപെട്ടു. ജോസ് ടോം സ്വതന്ത്രനായി നല്കിയ പത്രിക തള്ളണമെന്ന് സ്വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
പത്രികയില്‍ 14 കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും മീനച്ചില്‍ റബർ മാര്‍ക്കറ്റിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കാര്യം ചേര്ത്തില്ലെന്നുമായിരുന്നു വാദം. തർക്കം നീണ്ടതോടെ ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ തര്‍ക്കമുള്ള പത്രിക മാറ്റിവെച്ച് മറ്റു പത്രികകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, ജോസ് ടോമിെൻറ പത്രിക പരിശോധന ഉച്ചകഴിഞ്ഞത്തേക്കു മാറ്റി.
ജോസഫ്-ജോസ് വിഭാഗം അഭിഭാഷകര്‍ തമ്മില്‍ തുടർന്നും രൂക്ഷമായ തര്‍ക്കമാണുണ്ടായത്. പത്രികയില്‍ ചെയര്മാന് ചിഹ്നം നല്‍കണമെന്ന് ഭരണഘടന പറയുന്നില്ലെന്ന് ജോസ് വിഭാഗം പറഞ്ഞു. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ വർക്കിങ് ചെയര്മാന് അധികാരമില്ല. ആര്‍ട്ടിക്കിള്‍ 29 അനുസരിച്ച് പാര്‍ട്ടിയില്‍ സ്റ്റിയറിങ് കമ്മിറ്റിക്കാണ് അധികാരം. സ്റ്റീഫന്‍ ജോര്‍ജിനെ ഓഫിസ് സെക്രട്ടറിയാക്കിയത് സ്റ്റിയറിങ് കമ്മിറ്റിയായതിനാൽ ഒപ്പ് സാധുവാണെന്നും ജോസ് വിഭാഗം വാദിച്ചു. ഒടുവിൽ, ഇരുവിഭാഗവും നിരത്തിയ ന്യായങ്ങള്‍ പരിശോധിച്ചശേഷം വരണാധികാരിയായ കലക്ടർ പി.ജെ. ജോസഫിെൻറ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. അതേസമയം, അഡ്വ. ജോസഫ് കണ്ടത്തിലിെൻറ പത്രിക സ്വീകരിച്ചു. തർക്കം അവസാനിച്ചതായും യു.ഡി.എഫ് സ്വതന്ത്രൻ എന്ന നിലയിൽ ജോസ് ടോം പാലായിൽ മത്സരിക്കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
Leave a Reply