കൊച്ചി ∙ കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം യുകെ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവർ നിരീക്ഷണത്തിലാണ്. രോഗബാധിതൻ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയെന്നായിരുന്നു ആദ്യം ലഭ്യമായ വിവരം. അതു ശരിയല്ലെന്ന് സിയാൽ അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ബ്രിട്ടിഷ് പൗരൻ പോയവഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ജില്ലാ കലക്ടർ എസ്. സുഹാസ്, മന്ത്രി സുനിൽ കുമാർ എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ക്വാറന്റീനിൽ ആയിരുന്ന ഇയാൾ അധികൃതരെ അറിയിക്കാതെയാണ് സംഘത്തോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനമായിരുന്നു ലക്ഷ്യം. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധനാ ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.