പാർലമെൻറ് തെരഞ്ഞെടുപ്പിൽ തൃശൂരിലൊഴികെ പുതുമുഖങ്ങളെയും പൊതുസമ്മതരെയും കളത്തിലിറക്കാൻ സിപിഐ ആലോചന. നാലിടത്താണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പാർട്ടി നാഷ്ണൽ എക്സിക്യൂട്ടീവ് അംഗം ആനി രാജ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർക്കാണ് പ്രധാന പരിഗണന. മാവേലിക്കരയിൽ സംവിധായകനും ഹോർട്ടികോർപ് ചെയർമാനുമായ വിനയൻ, ചിറ്റയം ഗോപകുമാർ എംഎൽഎ, ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് സാധ്യതാ പട്ടികയിലേക്ക് വരുന്നത്.
ഗോപകുമാറിന് ജയസാധ്യത കല്പിക്കുന്നുവെങ്കിലും അടൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ നഷ്ടം സംഭവിക്കുമോ എന്ന ഭയമാണ് നേതൃത്വത്തിന്. ഈ സാഹചര്യത്തിലാണ് വിനയന് പ്രാധാന്യം നൽകുന്നത്. അതിനിടെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിൻ്റെ പേര് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ചർച്ചയാണ്.
തൃശൂരിൽ സിറ്റിംഗ് എംപി സി.എൻ ജയദേവൻ വീണ്ടും മത്സരിച്ചേക്കും. മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, ജനയുഗം എഡിറ്ററും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിൽ ഉണ്ട്. നിലവിലെ എംപിയെക്കാൾ കൂടുതൽ ജനകീയ മുഖം വേണമെന്ന ആലോചനയാണ് കെപി രാജേന്ദ്രന് അവസരം ഒരുങ്ങുന്നത്. സിപിഐയുടെ ശക്തി കേന്ദ്രമായ തൃശ്ശൂരിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഇപ്പോള്‍ രാജേന്ദ്രന് അനുകൂലമാണ്. മന്ത്രിയായും സിപിഐ നിയമസഭാ കക്ഷി നേതാവായും തിളങ്ങിയിട്ടുള്ള കെപി രാജേന്ദ്രന്റെ പാർലമെന്ററി രാഷ്രീയത്തിലേക്കുള്ള തിരിച്ചുവരവാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ തീരുമാനം ആയില്ലെന്നും യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ടെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.
വയനാട് സീറ്റിൽ നഴ്സസ് സംഘടനാ നേതാവ് ജാസ്മിൻ ഷാ, സിപിഐ മഹിളാ നേതാവ് അഡ്വ.പി.വസന്തം, സിപിഐ സംസ്ഥാന എക്സി.അംഗം പി.പി.സുനീർ എന്നിവരുടെ പേരുകൾക്കാണ് പരിഗണന. സ്ഥിരമായി എൽ ഡി എഫിനെ തുണക്കാത്ത വോട്ടു ബാങ്ക് കൂടി ജാസ്മിൻഷായെ മത്സരിപ്പിച്ചാൽ കിട്ടും എന്ന് സിപിഐ പ്രതീക്ഷിക്കുന്നു. പതിനെട്ടായിരത്തോളം നേഴ്‌സുമാർ ഉള്ളതായി കണക്കാക്കുന്ന മണ്ഡലത്തിൽ നേഴ്‌സിങ് കുടുംബങ്ങളുടെ വോട്ടുകൾ കൂടി കൂട്ടിയാൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ കൂടുതലായി കണ്ടെത്താനാകും. സമര പ്രവർത്തനങ്ങളിൽ ജാസ്മിൻഷാ നേതാവായ യു എൻ എ യുമായി ഒരുമിച്ചു പ്രവർത്തിക്കാറുള്ള AAP ,വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾക്കൊന്നും ജാസ്മിൻഷായാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാവില്ല എന്നും ഇവർ കണക്ക് കൂട്ടുന്നു. ഇടതു പക്ഷത്തോട് അകന്നു നിൽക്കുന്ന ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കളോട് ജാസ്മിൻഷാക്കും യു എൻ എ ക്കുമുള്ള അടുപ്പവും സ്ഥാനാർത്ഥിയായാൽ തുണയാകുമെന്ന് സിപിഐ നേതാക്കൾ വിലയിരുത്തുന്നു .
പൊതുവിൽ ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ആവേശവും മലപ്പുറം സ്വദേശിയാണെന്നതും മുസ്ലിം സമുദായമാണെകിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ള സ്വീകാര്യതയും ഉപയോഗപ്പെടുത്താനായാൽ വയനാട് ഇത്തവണ പിടിച്ചെടുക്കാൻ ആവുമെന്ന് തന്നെയാണ് സിപിഐ പ്രതീക്ഷിക്കുന്നത് .
ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ വയനാട് പി.വസന്തത്തെ പട്ടികയിൽ നിന്നൊഴിവാക്കി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും എഐവൈഎഫ് മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ.പി.സന്തോഷ്കുമാർ പകരക്കാരനാവും. ആനി രാജ, വിനയൻ, ജാസ്മിൻ ഷാ എന്നിവരുടെ ജയസാധ്യത സംബന്ധിച്ച് മണ്ഡലങ്ങളിലെ വിവിധ വിഭാഗങ്ങളോടും പാർട്ടി ഘടകങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മാർച്ച് മൂന്നിന് സംസ്ഥാന തലത്തിൽ സാധ്യതാ പട്ടികകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Leave a Reply