ഒരു അച്ചാര്‍ ഉണ്ടാക്കാന്‍ പതിനഞ്ചു ദിവസം! കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യാ ഉണ്ടാക്കിയ അച്ചാറില്‍ പോഷക ഗുണങ്ങള്‍ മാത്രം. മലയാളികള്‍ അറിയാതെ പോയ കരിനെല്ലിക്ക അച്ചാര്‍.

ഒരു അച്ചാര്‍ ഉണ്ടാക്കാന്‍ പതിനഞ്ചു ദിവസം! കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യാ ഉണ്ടാക്കിയ അച്ചാറില്‍ പോഷക ഗുണങ്ങള്‍ മാത്രം. മലയാളികള്‍ അറിയാതെ പോയ കരിനെല്ലിക്ക അച്ചാര്‍.
May 20 20:09 2020 Print This Article

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന
കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്‌പെഷ്യല്‍.
നെല്ലിക്ക (ഇന്ത്യന്‍ ഗൂസ്‌ബെറി / ആംല )
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയായ നെല്ലിക്കയില്‍ ജീവകം സി, അയണ്‍, കാല്‍സിയം തുടങ്ങിയ ലവണങ്ങള്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ഹൈപ്പര്‍ അസിഡിറ്റി, മൂത്രാശയ രോഗങ്ങള്‍, പ്രമേഗ നിയന്ത്രണം തുടങ്ങി പല വിധ രോഗാവസ്ഥയ്ക്കും നെല്ലിക്കയെ ഒരു പരമ്പരാഗത പ്രതിവിധിയായി ഉപോയോഗിച്ചു വരുന്നു. കൂടാതെ ആംല പൌഡര്‍ മുടിയുടെയുടെയും ചര്‍മ്മത്തിന്റെയും പരിചരണത്തിനുള്ള ഒരു പ്രധാന ഇനമാണ്.

ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ നിരവധി അച്ചാറുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരച്ചാറാണ് കരിനെല്ലിക്ക അച്ചാര്‍. പാകം ചെയ്യുമ്പോള്‍ നെല്ലിക്കയുടെ ഒരു ഗുണം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ അച്ചാറിന്റെ പ്രത്യേകത. അതോടൊപ്പം മണ്‍കലത്തിലാണ് ഇത് പാകം ചെയ്യുന്നത് എന്നത് മറ്റുള്ള അച്ചാറുകളില്‍ നിന്നും കരിനെല്ലിക്ക അച്ചാറിനെ വ്യത്യസ്തമാക്കുന്നു. രണ്ട് സ്റ്റേജുകളിലായിട്ടാണ് ഇതുണ്ടാക്കുന്നത്.

സ്‌റ്റേജ് 1 (ആവശ്യ സാധനങ്ങള്‍ )
ഒരു മണ്‍കലം
നെല്ലിക്ക. 1 കിലോ
കല്ലുപ്പ് ആവശ്യത്തിന്
കറിവേപ്പില 8 ഇതള്‍
വെള്ളം ഒന്നര കപ്പ്
വാഴയില. മണ്‍കലം മൂടി കെട്ടാന്‍ ആവശ്യമായത്
സ്റ്റേജ് 1 ഉണ്ടാക്കുന്ന വിധം
മണ്‍കലത്തില്‍ കുറച്ച് കറിവേപ്പില ഇതളുകളോടു കൂടി നിരത്തി അതിനു മുകളില്‍ കുറച്ച് നെല്ലിക്ക ഇടുക. വീണ്ടും കറിവേപ്പില നിരത്തുക, ശേഷം വീണ്ടും നെല്ലിക്ക ഇടുക. ഇങ്ങനെ മൂന്ന് അടുക്കുകളായി ചെയ്തതിനു ശേഷം കലത്തിനുള്ളില്‍ വെള്ളം ഒഴിക്കുക. അതിനു ശേഷം വാഴയില വാട്ടി കലം മൂടി കെട്ടുക. മുകളില്‍ ഭാരമുള്ള ഒരു അടപ്പ് വെച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക (ആവി പുറത്ത് പോകാതിരിക്കാനാണ് ഭാരമുള്ള അടപ്പ് വെയ്ക്കുന്നത് ) നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കുക. പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുമ്പ് മണ്‍കലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാന്‍ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അതിനു ശേഷം ഈ മിശ്രിതം പുറത്തെടുത്ത് നെല്ലിക്കയുടെ കുരുകളെഞ്ഞെടുക്കുക. അതോടൊപ്പം കറിവേപ്പിലയുടെ തണ്ടും എടുത്തു മാറ്റുക.

സ്റ്റേജ് 2 ( ആവശ്യമായ സാധനങ്ങള്‍)
കടുക് 10 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) അമ്പത് ഗ്രാം വീതം
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്) പതിനഞ്ച് ഗ്രാം വീതം
നല്ലെണ്ണ. 150 ml
ചുവന്ന മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 റ്റീ സ്പൂണ്‍

സ്റ്റേജ് 2 പാകം ചെയ്യുന്ന വിധം.
സാമാന്യം വലുപ്പമുള്ള ചുവട് കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ നല്ലെണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം മുളക് പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് പച്ചപ്പ് മാറുന്നതു വരെ ഇളക്കുക. തുടര്‍ന്ന് ജലാംശം പൂര്‍ണ്ണമായും പോയ നെല്ലിക്കയുടെ മിശ്രിതം ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക (തീ വളരെ കുറയ്ക്കുകയും അതോടൊപ്പം അടച്ച് വെയ്ക്കുകയും അരുത് ) മിശ്രിതം ഉരുളിയുടെ അടിയില്‍ പിടിക്കുന്ന ഒരു സ്റ്റേജാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന കടുക് ഉലുവാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം തീ അണയ്ക്കുക. തുറന്ന് വെച്ചു തന്നെ തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞാല്‍ ഉണങ്ങിയ ഭരണിയിലേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ജലാംശം ഒട്ടും ഇല്ലാത്തതുകൊണ്ട് ഒരു വര്‍ഷത്തോളം കരിനെല്ലിക്ക അച്ചാര്‍ കേട് കൂടാതിരിക്കും. നാടന്‍ ഊണിനോടൊപ്പം കരിനെല്ലിക്ക അച്ചാറും കൂടിയാകുമ്പോള്‍ ഊണ് അതിഗംഭീരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email contactmalayalamuk@gmail.com

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles