കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
Leave a Reply