എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർഥികളുടെ എണ്ണം 20 ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കും.

വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമേ പ്രവേശനം അനുവദിക്കൂ. എസ്എസ്എൽസിക്ക് 4.5 ലക്ഷവും ഹയർസെക്കൻഡറിയിൽ 9 ലക്ഷവും ഉൾപ്പെടെ 13.5 ലക്ഷം വിദ്യാർഥികളാണ് മേയ് 26 മുതൽ 30വരെ പരീക്ഷ എഴുതുന്നത്.

സ്കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ 25ന് മുൻപ് പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കണമെന്ന് പരീക്ഷ നടത്തിപ്പിനായി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.

സാമൂഹിക അകലം പാലിക്കുന്നതിനായി പരമാവധി ഹയർസെക്കൻഡറി ക്ലാസ് മുറികൾ പരീക്ഷയ്ക്കായി ഉപയോഗിക്കണം. പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കരുത്. വിദ്യാർഥികൾക്ക് മാസ്ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം. സാനിറ്റൈസറിന്റെയും സോപ്പിന്റെയും തുക പരീക്ഷാ ഫണ്ട്–സ്പെഷൽ ഫീ അക്കൗണ്ടിൽനിന്ന് ഉപയോഗിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗതാഗത സൗകര്യം ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകൻ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കാം. തദ്ദേശസ്ഥാപനങ്ങളുടേയും പട്ടികജാതി പട്ടികവർഗ വകുപ്പുകളുടേയും സഹായം തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗിക്കാം. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കാണ് ഇതിന്റെ ചുമതല. ആവശ്യമെങ്കിൽ ബസുകൾ വാടകയ്ക്ക് എടുക്കാം.

പരീക്ഷ കേന്ദ്രമാറ്റത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിൽനിന്നും എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്നും മറ്റു ജില്ലകളിൽനിന്ന് എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്നും ചീഫ് സൂപ്രണ്ടുമാരെ അറിയിക്കും. ഇതിനനുസരിച്ച് സൗകര്യം ഏർപ്പെടുത്തണം. പരീക്ഷാ ജോലിക്കു ചുമതലപ്പെടുത്തിയ എല്ലാ അധ്യാപകരും നിർബന്ധമായും ജോലിക്കു ഹാജരാകണം.

ചോദ്യപേപ്പറുകളുടെ സുരക്ഷ ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം. കോവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അധികാരികളുടെ അനുമതി വാങ്ങി പരീക്ഷയ്ക്ക് സജ്ജമാക്കണം. വിദ്യാലയങ്ങൾ വിട്ടുകിട്ടിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണം. ഈ വിവരം വിദ്യാർഥികളെയും രക്ഷിതാക്കളെയും 24ന് മുന്‍പ് അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു