പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ പ്രൊഫസര്‍ ഡോ. നവീന്‍ കുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ തലയൂരുമെന്ന് നിയമവൃത്തങ്ങളില്‍ അഭിപ്രായം. ഡോ. നവീനും ഭാര്യ ഡോ. ജയശ്രീയും നാല് വയസുള്ള മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ഡോ. മരിച്ചത്. ജയശ്രീയും മകനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പതിനേഴുകാരന്‍ ഓടിച്ച റെന്റ് കാര്‍ ഇടിച്ചാണ് ഡോക്ടര്‍ മരിച്ചത്. അപകടം പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. വാഹനം ഓടിച്ച പതിനേഴുകാരന്‍ പിടിയലാകുകയും ചെയ്തു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിഴയില്‍ ഒതുങ്ങാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമില്ല. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജാമ്യം കിട്ടുകയും ചെയ്യും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ ഐ.പി.സി 304 എ പ്രകാരമാണ് കേസെടുക്കുന്നത്. എന്നാല്‍ 18 വയസായവരുടെ കാര്യത്തില്‍ ഈ വകുപ്പ് ചേര്‍ക്കാനാകില്ല.
കുറ്റക്കാരനായ 17കാരണ് പരമാവധി ഒരു വര്‍ഷം ജുവനൈല്‍ ഹോം വാസവും പിഴയും ലഭിക്കാനാണ് നിയമമുള്ളത്. എന്നാല്‍ ഇത്തരം കേസുകളിലെ ശിക്ഷ പിഴയില്‍ മാത്രം ഒതുങ്ങാറാണ് പതിവെന്ന് പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ മരിച്ച ഡോക്ടറുടെ കുടുംബത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കിട്ടാനും സാധ്യതയില്ലെന്ന് അറിയുന്നു. കാരണം അപകടത്തിടയാക്കിയ പതിനേഴുകാരന്‍ ഓടിച്ചത്, റെന്റ് കാറാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കില്ലെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ഇരയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ് സമ്പാദിക്കാന്‍ കഴിയുമെന്ന് പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ വ്യക്തമാക്കി.
Leave a Reply