കൊച്ചി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. മിക്ക ട്രെയിനുകളും ഇന്ന് സാധരണ സമയത്ത് സര്‍വീസ് നടത്തും. അതേസമയം വേഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തീവണ്ടികളെല്ലാം വൈകിയായിരിക്കും ഓടുക. കെ.എസ്.ആര്‍.ടിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. റോഡുകള്‍ തകര്‍ന്ന സ്ഥലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും സര്‍വീസ് തുടങ്ങും. ഇന്റര്‍ സ്റ്റേറ്റ് ദീര്‍ഘദൂര ബസുകളും സര്‍വീസ് പുനരാരംഭിക്കും.

തൃശൂര്‍-ഗുരുവായൂര്‍ പാതയിലും കൊല്ലം-ചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആലപ്പുഴയിലെ തകഴി, നെടുമ്പ്രം ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ചെറുവാഹനങ്ങള്‍ കടന്നുപോകാറായിട്ടില്ല. ആലപ്പുഴ ജില്ലയിലെ എടത്വ മങ്കോട്ട വീയപുരം ഹരിപ്പാട് റോഡ് തുറന്നിട്ടില്ല. എടത്വ മാമ്പുഴക്കരി, എടത്വ ചമ്പക്കുളം മങ്കൊമ്പ്, എടത്വ ആലംതുരുത്തി, നീരേറ്റുപുറം മുട്ടാര്‍, രാമങ്കരി തായങ്കരി റോഡുകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. ഈ സ്ഥലങ്ങളില്‍ ബസുകള്‍ ഓടില്ല. ഇടുക്കി ജില്ലയില്‍ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഇരുട്ടുകാനം മുതല്‍ പള്ളിവാസല്‍ വരെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മിഡില്‍ ഈസ്റ്റിലേക്കാണ് ഏറ്റവും വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ദുബായിലേക്ക് കോഴിക്കോട്ടുനിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ നാളെ 43,000 രൂപയും ഷാര്‍ജയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ 33,400 രൂപയും അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 37,202 രൂപയും നല്‍കണം. 7000 മുതല്‍ 10,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സെക്ടറുകളാണിത്.