തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ വേഗനിയന്ത്രണമുള്ളതിനാല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി ദീര്‍ഘദൂര സര്‍വ്വീസകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പാതകളെല്ലാം രണ്ട് ദിവസത്തിനകം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തൃശൂര്‍ഗുരുവായൂര്‍ പാതയിലും കൊല്ലംചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനം വിടാനായി ട്രെയിന്‍ കാത്ത് സ്റ്റേഷനുകളിലെത്തിയിരിക്കുന്നത്. നോര്‍ത്തിലേക്ക് യാത്ര ചെയ്യുന്ന പരിമിതമായ ട്രെയിനുകള്‍ മാത്രമെ നിലവിലുള്ളു. ഇവയെല്ലാം തിങ്ങി നിറഞ്ഞാണ് ഓടുന്നത്. ചെന്നൈമംഗളൂരു അടക്കമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളംഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. കുതിരാന്‍, താമരശേരി ചുരം തുടങ്ങിയ സംസ്ഥാനത്തെ നിര്‍ണായക റോഡുകള്‍ പൂര്‍ണമായും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ചരക്ക് നീക്കം ദ്രുതഗതിയിലാക്കാനാണ് അധികൃതരുടെ പദ്ധതി. സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൊച്ചി നേവല്‍ ബേസില്‍ നിന്നും ആഭ്യന്തര വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. നെടുമ്പാശേരി വിമാനതാവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Leave a Reply