കൊച്ചി: ലോകത്ത് എവിടെയായിരുന്നാലും ഒരുമയുടെ പര്യായമാണ് ക്‌നാനായ സമുദായം. അതിന്റെ ഏറ്റവും വലിയ നേർകാഴ്ച പ്രവാസി സമൂഹത്തിലാണ് എന്നുള്ളത് ഒരു സത്യാവസ്ഥ. എന്നാൽ മറ്റു ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള കല്ല്യാണം സഭ അംഗീകരിക്കുന്നില്ല. എന്നാൽ ക്‌നാനായ സഭയിലെ സ്വവംശവാദം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ വിധി സമുദായത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അമ്മയുടെ അമ്മ ക്‌നാനായ സമുദായാംഗമല്ലെന്ന കാരണത്താല്‍ ക്‌നാനായ യുവാവിന് വിവാഹക്കുറി(ദേശക്കുറി) നിഷേധിച്ചതിനെതിരായ കീഴ്‌ക്കോടതി വിധികള്‍ ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോട്ടയം രൂപതയില്‍പ്പെട്ട കിഴക്കേ നട്ടാശേരി ഇടവകാംഗമായ ഉറവണക്കളത്തില്‍ ബിജു ഉതുപ്പ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ഹരിലാലിന്റെ ബെഞ്ചിന്റെ വിധി. കീഴ്‌ക്കോടതിവിധിക്കെതിരേ സഭ അപ്പീലും സമര്‍പ്പിച്ചിരുന്നു.

സ്വവംശ വിവാഹം പാലിക്കണമെന്നു മാര്‍പാപ്പ നിര്‍ദേശിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് സഭയുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയത്. സ്വവംശതത്വം പാലിക്കാത്തവരെ പുറത്താക്കുന്ന രൂപതയുടെ നടപടി കാനോന്‍ നിയമത്തിനെതിരാണ്. മാത്രമല്ല സഭ സ്വീകരിച്ച നടപടി ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പ് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. സ്വവംശ വിഷയം ഉന്നയിച്ച് 1989ല്‍ സഭ വിവാഹക്കുറി നിഷേധിച്ചതാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ അമ്മയുടെ അമ്മ ലത്തീന്‍ സമുദായത്തില്‍പ്പെട്ടയാളായിരുന്നെന്നു കാണിച്ച് രൂപത കുറി നിഷേധിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, ബിജുവിന്റെ മാതാപിതാക്കളുടെ വിവാഹവും മൂത്ത സഹോദരങ്ങളുടെ വിവാഹവും ക്‌നാനായ ആചാരപ്രകാരം കുറി നല്‍കി നടത്തിയിരുന്നു. ക്‌നാനായ സഭയില്‍പ്പെട്ട യുവതിയുമായുള്ള വിവാഹത്തിനുള്ള കുറി നിഷേധിച്ചതിനു പിന്നില്‍ രൂപതയിലെ ചിലര്‍ക്കു തന്നോടുള്ള വിരോധമാണെന്നു ബിജു ആരോപിച്ചിരുന്നു.
തനിക്ക് വിവാഹക്കുറി നല്‍കാന്‍ സഭയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയെയാണ് ബിജു ആദ്യം സമീപിച്ചത്. ബിജുവിന്റെ വാദം അംഗീകരിച്ച കോടതി കുറി നല്‍കാന്‍ രൂപതയോട് നിര്‍ദേശിച്ചു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. വിധിക്കെതിരേ കോട്ടയം രൂപത ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി ശരിവച്ചു. പിന്നീടാണ് കേസ് ഹൈക്കോടതിയിലെത്തിയത്. ഈ വിധിയിന്മേൽ ക്‌നാനായ സഭ ഇതുവരെ ആധികാരികമായി പ്രതികരിച്ചിട്ടില്ല.