ലൈം​ഗിക പീഡനക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജികൾ നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. സംസ്ഥാന സർക്കാരിന്റെയും അതിജീവിതയുടെയും ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചിന്റെ തീരുമാനം. സർക്കാരിന്റെയും, അതിജീവിതയുടെയും ഹർജികളാണ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നത്.

ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ അനുവദിച്ചത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ജൂൺ ഇരുപത്തിയേഴ് മുതൽ ജൂലൈ മൂന്ന് വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ കേസിൽ ഇനിയും വിജയ് ബാബുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇരുവരും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിയായ വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പരാതി പിൻവലിക്കാനുള്ള സമ്മർദ്ദം ആണ് സൃഷ്ടിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. തുടർന്നാണ് മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ നാളെ അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.