കൊല്ലത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സിന്റെ താക്കോല്‍ വനിതാ ഡോക്ടര്‍ ഊരിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചാണ് വനിതാ ഡോക്ടര്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരിയത്. കൊല്ലം നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ രോഗയിയുമായി കരുനാഗപള്ളിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ വനിതാ ഡോക്ടര്‍ ഊരിക്കൊണ്ട് പോയി. തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തന്റെ വാഹനത്തില്‍ മനപ്പൂര്‍വം ആംബുലന്‍സ് കൊണ്ട് തട്ടിയതാണെന്നും ഡ്രൈവർ മദ്യപാനിയാണെന്നുമാണ് വനിതാ ഡോക്ടറുടെ വിശദീകരണം.